നാം ചന്ദ്രനിലെത്തി എന്നതിന്  എന്താണൊരു തെളിവ്? കലാമിന്റെ ഈ ചോദ്യത്തിനുള്ള ഉത്തരം ഐ.എസ്.ആർ.ഒ നൽകിയതിങ്ങനെ

Monday 15 July 2019 3:24 PM IST

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചന്ദ്രയാൻ 2 വിക്ഷേപണം സാങ്കേതിക തകരാറുമൂലം അവസാന നിമിഷം മാറ്റിവച്ച സംഭവം നിരാശയോടെയാണ് രാജ്യം അറിഞ്ഞത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ ഇന്ന് പുലർച്ചെ 2.51 നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് 56 മിനിറ്റും 24 സെക്കന്റും ബാക്കി നിൽക്കേ നിറുത്തിവച്ചത്. അവസാന നിമിഷം സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കൗണ്ട്ഡൗൺ നിറുത്തിവച്ചതെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

രാജ്യം മുഴുവൻ ഈ വിഷയത്തിൽ സംവദിക്കുമ്പോൾ 2008ൽ ചന്ദ്രനെ അറിയുവാനായി ഐ.എസ്.ആർ.ഒ മിഷൻ തയ്യാറാക്കവേ ലോക അറിയുന്ന ശാസ്ത്രജ്ഞനായ എ.പി.ജെ അബ്ദുൾ കലാം ഐ.എസ്.ആർ.ഒ ചെയർമാനായ ജി. മാധവൻ നായരോട് ചോദിച്ച ഒരു സംശയം വീണ്ടും ചർച്ചയാവുകയാണ്. നാം ചന്ദ്രനിലെത്തിയതിന് ലോകത്തിന് മുൻപിൽ കാട്ടി കൊടുക്കാൻ എന്താണൊരു തെളിവ് എന്നായിരുന്നു അബ്ദുൾ കലാം ചോദിച്ചത് . അദ്ദേഹത്തിന്റെ ചോദ്യം ഗൗരവത്തോടെ പരിഗണിച്ച ഐ.എസ്.ആർ.ഒ രൂപകൽപ്പന ചെയ്തതാണ് മൂൺ ഇംപാക്ട് പ്രോബ് എന്ന ചെറുപേടകം. മാതൃ പേടകമായ ചന്ദ്രയാനിൽ നിന്നും വേർപെട്ട് അര മണിക്കൂർ യാത്രക്ക് ശേഷം ചന്ദ്രോപരിതലത്തിലെ ധൂളികളെ നാല് പാടും ചിതറിപ്പിച്ചു കൊണ്ടു ചന്ദ്രോപരിതലത്തിൽ പതിച്ച ഈ പേടകമാണ് ഇന്ത്യൻ പതാകയെ ചാന്ദ്രഉപരിതലത്തിൽ എത്തിച്ചത്. ശാസ്ത്ര വിഷയങ്ങളിൽ അഗാധമായ അറിവും താത്പര്യവുമുള്ള ശ്രീകാന്ത് എ.കെയാണ് ഈ കൗതുകമുണർത്തുന്ന ഈ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്ക് വയ്ക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

"മാധവൻ, നാം ചന്ദ്രനിലെത്തി എന്നതിന് ലോകത്തിന് മുൻപിൽ കാട്ടി കൊടുക്കാൻ, എന്താണൊരു തെളിവ്‌?

2008 ല് Dr.A.P.J.അബ്ദുൾ കലാം,അന്നത്തെ ISRO ചെയർമാനായിരുന്ന DR.G.മാധവൻ നായരോട് ചോദിച്ചു ..

കലാമിന്റെ ഇ ചോദ്യത്തിനുള്ള ഉത്തരമായാണ് മൂൺ ഇമ്പാക്ക്ട് പ്രോബ് (MIP) ISRO രൂപകൽപന ചെയ്തത്.

2008 നവംബർ 14 ന്,ഇന്ത്യയുടെ ദേശിയ പതാക ആലേഖനം ചെയ്ത ചെറു പേടകമായ മൂൺ ഇമ്പാക്ക്ട് പ്രോബ് മാതൃ പേടകമായ ചന്ദ്രയാൻ I ല് നിന്നും വേർപെട്ട് എതാണ്ട് അര മണിക്കൂർ യാത്രക്ക് ശേഷം ചന്ദ്രോപരിതലത്തിലെ ധൂളികളെ നാല് പാടും ചിതറിപ്പിച്ചു കൊണ്ടു ചന്ദ്രോപരിതലത്തിൽ പതിച്ചു..

മൂൺ ഇമ്പാക്ക്ട് പ്രോബ് ചന്ദ്രനിൽ പതിക്കുന്നത് കാണാൻ A.P.J.അബ്ദുൾ കാലം നേരിട്ട് എത്തിയിരുന്നു.ഒരു കുട്ടിയെ പൊലെ ഇന്ത്യയുടെ ആ വിജയ മുഹൂർത്തത്തിൽ സന്തോഷിച്ച അദേഹം മാധവൻ നായരോടായി പറഞ്ഞു

"ഇന്ന് ജവഹർ ലാൽ നെഹ്രുവിന്റെ ജന്മ ദിനമാണ്.അത് കൊണ്ടു തന്നെ മൂൺ ഇമ്പാക്ക്ട് പ്രോബ് സ്പർശിച്ച ചന്ദ്രനിലെ സ്ഥലത്തിന് അദ്ദേഹത്തിന്റെ പേരിടണം..

അങ്ങനെ ചന്ദ്രയാൻ I സ്പർശിച്ച ചന്ദ്രനിലെ ആ സ്‌ഥലത്തിന് ISRO പേരിട്ടു..

" ജവഹർ സ്ഥൽ"!