അങ്ങാടിക്കടവ് റെയിൽവെ ഗേറ്റ് അടച്ചിടും

Monday 25 September 2023 1:50 AM IST

അങ്കമാലി: അങ്ങാടിക്കടവ് റെയിൽവേ ഗേറ്റിലെ അടിപ്പാത നിർമ്മാണം ഉടൻ ആരംഭിക്കുന്ന സാഹചര്യത്തി​ൽ നിർമ്മാണം തുടങ്ങുന്നതിന് മുന്നോടിയായി തിങ്കളാഴ്ച മുതൽ അങ്ങാടിക്കടവ് റെയിൽവേ ഗേറ്റും റോഡും അടക്കുമെന്ന് അധി​കൃതർ അറി​യി​ച്ചു, വാഹനങ്ങൾ തിരിഞ്ഞുപോകണമെന്നും സൂചന നൽകിയുള്ള ബോർഡുകൾ അങ്ങാടിക്കടവിലും ചാക്കരപറമ്പിലും സ്ഥാപിച്ചിട്ടുണ്ട്. നാല് മാസം മുമ്പ് അടിപ്പാതയുടെ നിർമ്മാണം തുടങ്ങാൻ തയ്യാറെടുപ്പ് നടത്തിയതാണ്. നിർമ്മാണ സാമഗ്രികൾ കൊണ്ടുവന്നിറക്കുകയും ചെയ്തു. എന്നാൽ മഴക്കാലത്തിനുശേഷം നിർമ്മാണം തുടങ്ങിയാൽ മതിയെന്ന് റെയിൽവേ തിരുമാനമെടുത്തതോടെ നിർമ്മാണം വൈകുകയായി​രുന്നു. മഴക്കാലത്ത് റെയിൽപാളത്തിനടിയിലെ മണ്ണ് നീക്കം ചെയ്യുന്നത് സുരക്ഷിതമല്ലെന്നതി​നാലാണ് നിർമ്മാണം മാറ്റിവച്ചത്. 2.6 കോടി രൂപ മുടക്കിയാണ് അങ്ങാടിക്കടവിൽ അടിപ്പാത നിർമ്മിക്കുന്നത്. 12 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നിർദേശം. ഏഴ് മീറ്റർ വീതിയിലാണ് അടിപ്പാത നിർമ്മിക്കുന്നത്. മണ്ണ് നീക്കം ചെയ്തശേഷമാകും അടിപ്പാത നിർമ്മാണം. അടിപ്പാത വരുന്നതോടെ അങ്ങാടിക്കടവ് റെയിൽവേ ഗേറ്റിലെ ഗതാഗതകുരുക്കിന് അറുതിയാകും.