മാവോയിസ്റ്റ് ഡെപ്യൂട്ടി കമാൻഡന്റ് അറസ്റ്റിൽ

Monday 25 September 2023 10:13 PM IST

തൃശൂർ: നിരവധി സി.ആർ.പി.എഫ് ജവാന്മാർ ഉൾപ്പെടെ കൊല്ലപ്പെട്ട ആക്രമണക്കേസുകളിൽ പ്രതിയായ സി.പി.ഐ (മാവോയിസ്റ്റ്) എട്ടാം പ്ലാറ്റൂണിന്റെ ഡെപ്യൂട്ടി കമാൻഡർ ഉംഗൽ എന്ന മദകം ഉംഗയെ (30) ആന്ധ്രാപൊലീസ് അറസ്റ്റുചെയ്തു. അല്ലൂരി സീതാമര രാജു (എ.എസ്.ആർ) ജില്ലയിലെ ലങ്കാപള്ളിയിലെ വനമേഖലയിൽ നിന്നാണ് പിടികൂടിയത്. രണ്ട് ഡിറ്റണേറ്ററുകൾ, രണ്ട് ഗ്രനേഡുകൾ അടക്കം ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

2007ലാണ് ഇയാൾ മാവോയിസ്റ്റ് പാർട്ടിയിൽ ചേർന്നതെന്ന് എ.എസ്.ആർ ജില്ലാ പൊലീസ് സൂപ്രണ്ട് തുഹിൻ സിൻഹ പറഞ്ഞു. ആന്ധ്രയിലെ ചിന്തൂർ സബ് ഡിവിഷനിലും തെലങ്കാനയിലെ ചാർള മേഖലയിലും ഛത്തീസ്ഗഡിന്റെ പല ഭാഗങ്ങളിലും ഇയാൾ താമസിച്ചിരുന്നു. ഇയാൾക്കെതിരെ മൂന്ന് സംസ്ഥാനങ്ങളിലായി 37 ക്രിമിനൽ കേസുണ്ട്.

2014 ഡിസംബറിൽ സുക്മ ജില്ലയിലെ കാസൽപാഡുവിനടുത്ത് 14 സി.ആർ.പി.എഫ് കമാൻഡോകൾ കൊല്ലപ്പെട്ട ആക്രമണത്തിൽ ഉൾപ്പെട്ടിരുന്നു. 2017 മാർച്ചിൽ സുകുമയിലെ ബുർക്കപാൽ ഗ്രാമത്തിൽ 25 സി.ആർ.പി.എഫ് കമാൻഡോകളെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ സംഘത്തിലുമുണ്ടായിരുന്നു.

2017 ഏപ്രിലിൽ ഗൂർഖ ഗ്രാമത്തിന് സമീപം ഇയാൾ ഉൾപ്പെട്ട സംഘം നടത്തിയ മറ്റൊരു ആക്രമണത്തിൽ 12 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. 2021 ഏപ്രിലിൽ സിറാഗുഡയിൽ സുരക്ഷാസേനയ്‌ക്കെതിരായ അപ്രതീക്ഷിത ആക്രമണത്തിലും പങ്കാളിയായിരുന്നു. 22 സി.ആർ.പി.എഫ് ജവാന്മാരാണ് അന്ന് കൊല്ലപ്പെട്ടത്. കഴിഞ്ഞ നവംബറിലും ജനുവരിയിലും രണ്ടുപേരെ പൊലീസ് ഇൻഫോർമർമാർ എന്ന് മുദ്രകുത്തി കൊലപ്പെടുത്തിയതിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.