ഒറ്റുകാർ ആവരുതെന്ന താക്കീത് ഭാവനാ സൃഷ്ടി: ജില്ലാ സെക്രട്ടറി
Monday 25 September 2023 12:23 AM IST
തൃശൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജില്ലാ നേതാക്കളെ ഒറ്റുകാർ ആകരുതെന്ന് താക്കീത് ചെയ്തുവെന്ന വാർത്തകൾ കഥകൾ മെനയുന്നവരുടെ ഭാവനാ സൃഷ്ടി മാത്രമാണെന്ന് തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്.
ജില്ലാ സെക്രട്ടേറിയറ്റ് യോഗം സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. യോഗത്തിൽ ചർച്ച ചെയ്യുകയോ പറയുകയോ ചെയ്യാത്ത കാര്യങ്ങൾ വാർത്തയായി വരുന്നത് സത്യാനന്തര കാലത്തെ മാദ്ധ്യമ പ്രവണതകളുടെ ഭാഗമാണ്.
കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും കേന്ദ്ര ഏജൻസികളുടെയും കടന്നാക്രമണങ്ങളെ രാഷ്ട്രീയവും നിയമപരവുമായി നേരിടുന്നതിന് എടുക്കേണ്ട കാര്യങ്ങൾ മാത്രമാണ് യോഗം ചർച്ച ചെയ്തത്. ജനകീയ കാമ്പയിന് പാർട്ടി രൂപം നൽകിയിട്ടുണ്ട്. ഏതോ കേന്ദ്രം ഉത്പാദിപ്പിച്ച തെറ്റായ ആശയങ്ങൾ വാർത്തയാക്കുന്നത് അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു.