കെ.ജി.ജോർജ് : സി​.വി​.എമ്മി​ലെ പാട്ടുകേട്ടു വളർന്ന സി​നി​മാക്കാരൻ

Monday 25 September 2023 12:59 AM IST

തിരുവല്ല : എസ്.സി.എസ് സ്‌കൂളിലും ചങ്ങനാശേരി​ എൻ.എസ്.എസ് കോളേജി​ലും പഠി​ക്കുന്ന നാളുകളി​ലേ കെ.ജി.ജോർജി​നുള്ളി​ൽ സി​നി​മക്കാരൻ ഉണ്ടായി​രുന്നു. വീടി​നടുത്തുള്ള സി​.വി​.എം കൊട്ടകയി​ലെ ഉച്ചഭാഷി​ണി​ പാട്ടുകേട്ടാണ് ബാല്യകൗമാരങ്ങൾ പി​ന്നി​ട്ടത്. സി​.വി​.എമ്മി​ലെ ബഞ്ചി​ൽ ഇരുന്നു കണ്ട സി​നിമ​കൾ എന്നും പ്രചോദനമായി​രുന്നുവെന്നും വലി​യ സ്ക്രീനി​ൽ സ്വന്തം പേര് എഴുതി​ കാണി​ക്കുന്നത് സ്വപ്നം കണ്ടി​രുന്നതായി​ അദ്ദേഹം പലപ്പോഴും പറഞ്ഞി​ട്ടുണ്ട്.

സിനിമയുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിലും മിക്കപ്പോഴും തിരുവല്ലയിൽ എത്തിയിരുന്നു. തിരുവല്ല എസ്.സി.എസ് സ്‌കൂളിലെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തത് കെ.ജി.ജോർജ്ജ് ആയിരുന്നു. പഠിച്ചിരുന്ന കാലത്ത് കടകളുടെയും ബസുകളുടേയുമൊക്കെ ബോർഡുകൾ എഴുതി പണം സമ്പാദിച്ചിരുന്നുവെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. തിരുവല്ലയിലൂടെ ട്രെയിനിൽ പോകുമ്പോൾ വാതിലിലൂടെ സ്‌കൂളിന്റെ മേൽക്കൂര നോക്കി കണ്ടിരുന്നതായും അദ്ദേഹം അനുസ്മരിച്ചു. തിരുവല്ല നഗരസഭയുടെ മുൻ അദ്ധ്യക്ഷ ഡെൽസി സാമിന്റെ ഭർത്താവ് കെ.ജി. സാം ആണ് ഏക സഹോദരൻ. 2016 ഏപ്രിൽ 18ന് ഇവരുടെ മകൻ സെൻസൺ സാമിന്റെ വിവാഹത്തിനാണ് ഒടുവിൽ കുടുംബസമേതം കെ.ജി.ജോർജ്ജ്, ഭാര്യ സൽമാ ജോർജിനും ഒപ്പം തിരുവല്ലയിലെത്തിയത്.

പൂണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചലച്ചിത്ര സംവിധാനത്തിൽ പഠനം പൂർത്തിയാക്കിയ ജോർജ് പിന്നീട് സിനിമയുടെ ലോകത്ത് സജീവമായതോടെയാണ് തിരുവല്ലയിൽ നിന്ന് അകന്നത്. പലപ്പോഴും തിരുവല്ലയിലെത്തി ബന്ധുക്കളെ കാണാൻ ആഗ്രഹിച്ചെങ്കിലും പ്രായാധിക്യത്തിന്റെ അവശതകൾ തടസമായി. അമൂല്യ സിനിമകൾ സംവിധാനം ചെയ്ത അതുല്യപ്രതിഭയുടെ വേർപാട് ജന്മനാടിന് തീരാനഷ്ടമാണ്.