അഭിനേതാക്കളെ വാർത്തെടുത്ത പ്രതിഭ

Monday 25 September 2023 2:07 AM IST

ജോർജ് സാറും നടൻ സുകുമാരനും ചേർന്ന് 'ഇരകൾ ' സിനിമ ആലോചിക്കുന്ന കാലം. നിർമ്മാതാവ് ഗാന്ധിമതി ബാലൻ ചേട്ടന്റെ ഓഫീസിൽ വച്ചാണ് അദ്ദേഹത്തെ ആദ്യം കാണുന്നത്. ഇരകളിലെ ബേബി എന്ന കഥാപാത്രത്തെ ഗണേശൻ അവതരിപ്പിച്ചാൽ നന്നായിരിക്കും എന്ന്‌ ജോർജ് സാർ സുകുവേട്ടനോട് പറഞ്ഞു. അടുത്തദിവസം സുകുവേട്ടനും മല്ലികച്ചേച്ചിയും ബാലൻചേട്ടനും കൂടി വീട്ടിലെത്തി നിർബന്ധിച്ച് എന്നെ സിനിമയിൽ അഭിനയിക്കാൻ കൂട്ടിക്കൊണ്ടുപോയി. ഒരു നവാഗതനോടെന്ന പോലെയല്ല അദ്ദേഹം എന്നോട് പെരുമാറിയത്. പ്രമുഖ നടിയായിരുന്ന ശ്രീവിദ്യയോട്‌ പോലും എന്താണ്‌ വേണ്ടതെന്ന് അഭിനയിച്ച് കാണിക്കുകയും എങ്ങനെയാണ് കരയേണ്ടത് എന്നുവരെ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം. ശിലയിൽ നിന്ന് മനോഹര ശില്പം കൊത്തിയെടുക്കുന്ന ശില്പിയെ പോലെ, നടീ,​ നടന്മാരുടെ കഴിവുകൾ കണ്ടെത്തി അവരെ വാർത്തെടുത്ത പ്രതിഭയാണ്‌ അദ്ദേഹം. കോലങ്ങൾ എന്ന സിനിമയിലൂടെ മേനകയെയും ഉൾക്കടലിലൂടെ വേണു നാഗവള്ളി, രതീഷ് എന്നിവരെയും മലയാളസിനിമയ്ക്ക് സംഭാവന ചെയ്തു. തിലകൻ ചേട്ടനെ പ്രധാനവേഷം നൽകി ശ്രദ്ധേയനാക്കി. മമ്മൂക്കയുടെ ആദ്യ നായകതുല്യ വേഷം ജോർജ് സാറിന്റെ 'മേള' എന്ന ചിത്രത്തിലാണ്.

അദ്ദേഹത്തിന്റെ ഓരോ തിരക്കഥയും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. കെ.പി.എ.സി. പോലുള്ള ആദ്യകാല പ്രൊഫഷണൽ നാടകസംഘങ്ങളുടെ പ്രവർത്തനത്തിന്റെ റിയലിസ്റ്റിക് ഡോക്യുമെന്റേഷനാണ് 'യവനിക'. ഒരു അഴിമതിക്കഥ കേൾക്കുമ്പോൾ മലയാളി ആദ്യം ഓർക്കുന്നത് പഞ്ചവടിപ്പാലത്തിലെ സുകുമാരിച്ചേച്ചി, തിലകൻചേട്ടൻ,കൃഷ്ണൻകുട്ടി നായർ, ഭരത്‌ഗോപിചേട്ടൻ എന്നിവരുടെ മുഖങ്ങളാണ്. പതിറ്റാണ്ടുകൾക്കു മുമ്പേ 'ആദാമിന്റെ വാരിയെല്ല് ' എന്ന ശക്തമായ സ്ത്രീപക്ഷ സിനിമ അദ്ദേഹം ചെയ്തു. സിനിമ അവസാനിക്കുമ്പോൾ കഥാകാരന്റെ ഭാവനയ്‌ക്കപ്പുറത്തേക്ക് സത്രീ കഥാപാത്രം സ്വാതന്ത്ര്യത്തിനായി ഓടിപ്പോവുകയാണ്.

ജോർജ്ജ് സാറിനെക്കുറിച്ച് രസകരമായ മറ്രൊരു ഓർമ്മയുണ്ട്. ഇരകളുടെ ഷൂട്ടിംഗിനിടെ അദ്ദേഹം ധാരാളം സിഗററ്റ് വലിച്ചിരുന്നു. ഒരു ദിവസം കൈവച്ച് കറക്കുന്ന പ്ലാസ്റ്റിക് നിർമ്മിതമായ ഒരു മെഷീനുമായിട്ടാണ് അദ്ദേഹം ലൊക്കേഷനിലെത്തിയത്. സിഗററ്റിന്റെ ആകൃതിയിൽ ഒരു കഷണം കടലാസ് ചുരുട്ടി അതിൽ പുകയില നിറച്ചിട്ട് ഉമിനീർ തൊട്ട് കടലാസ് ഒട്ടിക്കും. എന്നിട്ട് അത് മെഷീനിൽ വച്ച് കറക്കിയെടുത്ത ശേഷം വലിക്കും. അത് കണ്ട് ഞാൻ ചോദിച്ചിട്ടുണ്ട് 'എന്തിനാണ് സാർ ഇത്രയും കഷ്ടപ്പെടുന്നത്, സിഗററ്റ് വാങ്ങി വലിച്ചൂടേയെന്ന്.' സിഗററ്റിന്റെ എണ്ണം കുറയ്ക്കാനാണ് ഈ വിദ്യ എന്നായിരുന്നു മറുപടി. സിഗററ്റ് ഉണ്ടാക്കുന്ന അത്രയും സമയം വലിക്കാതെ ഇരിക്കുമല്ലോ. പ്രിയങ്കരനായ ജോർജ് സാറിന്റെ വിയോഗം മലയാളസിനിമയ്‌ക്ക് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന് എന്റെ കണ്ണീർ പ്രണാമം.