സോളാർ ഗൂഢാലോചന കേസ്; ഗണേശ് കുമാർ നേരിട്ട് ഹാജരാകണമെന്ന് കോടതി, പരാതിക്കാരിയ്ക്ക് വീണ്ടും സമൻസ്

Monday 25 September 2023 12:08 PM IST

കൊല്ലം: സോളാർ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കെ ബി ഗണേശ് കുമാർ എംഎൽഎ നേരിട്ട് ഹാജരാകാൻ നിർദേശം നൽകി കോടതി. കൊട്ടാരക്കര ഒന്നാംക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിലെ രണ്ടാം പ്രതിയായ ഗണേശിന് അടുത്ത മാസം 18ന് ഹാജരാകാൻ നിർദേശം നൽകിയത്. പരാതിക്കാരിയ്ക്ക് വീണ്ടും സമൻസ് അയക്കാനും കോടതി നിർദേശം നൽകി.

സോളാർ പീഡനക്കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൊഴിയടക്കം കോടതി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഗൂ‌ഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പരാതിക്കാരിക്കെതിരെയും ഗണേശ് കുമാറിനെതിരെയും കോടതി കേസ് എടുത്തു. ഇരുവരും നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ട് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി നിരവധി തവണ സമൻസ് അയച്ചെങ്കിലും ഹാജരായില്ല.

പിന്നാലെ ഹൈക്കോടതിയിൽ പോയി ഇരുവരും സമൻസിന് സ്റ്റേ വാങ്ങുകയും ചെയ്തു. ഇന്നലെ സ്റ്റേയുടെ കാലാവധി കഴിഞ്ഞിരുന്നു. തുടർന്ന് കോടതി ഇന്ന് കേസ് വീണ്ടും പരിഗണിക്കുകയായിരുന്നു. അതേസമയം കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും സ്റ്റേ ഇന്നലെ മാത്രമാണ് നീക്കിയതെന്നും വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിൽ വരുമെന്നും ഗണേശ് കുമാറിന്റെ അഭിഭാഷകൻ കൊട്ടാരക്കര കോടതിയിൽ അറിയിച്ചു. തുടർന്നാണ് കേസ് പരിഗണിക്കുന്നത് അടുത്തമാസം 18ലേയ്ക്ക് മാറ്റിയത്.