ഇരുന്ന് യാത്ര ചെയ്‌തിരുന്നവർ കാലാകാലങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ട് കേരളത്തിന് ലഭിച്ച പുതിയ വന്ദേഭാരതിൽ പരിഹരിച്ചു

Monday 25 September 2023 12:29 PM IST

കാസർകോട്: റെയിൽവേ യാത്രക്കാരുടെ പ്രതീക്ഷകൾ പൂവണിയിച്ച രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആവേശ തുടക്കം. റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ തിങ്ങിനിറഞ്ഞ നൂറുകണക്കിന് യാത്രക്കാരും റെയിൽവേ ഉദ്യോഗസ്ഥരും ജീവനക്കാരും രാഷ്ട്രീയപാർട്ടി പ്രതിനിധികളും നേതാക്കളും ജനപ്രതിനിധികളും പാസഞ്ചേഴ്സ് അസോസിയേഷനും അടക്കമുള്ള വരും പുഷ്പ വൃഷ്ടി നടത്തിയാണ് രണ്ടാം വന്ദേ ഭാരതിനെ തിരുവനന്തപുരത്തേക്ക് യാത്രയാക്കിയത്. റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ വലിയ സ്ക്രീനോടുകൂടിയ പന്തലിൽ ഉച്ചക്ക് 11.30 ഓടെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചിരുന്നു. കേന്ദ്രമന്ത്രിയെ വി. മുരളീധരനും, രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും ഡി ആർ. എം അരുൺ കുമാർ ചതുർവേദിയും പ്രസംഗിച്ചു കഴിഞ്ഞ ഉടനെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉദ്ഘാടനം ഓൺലൈനിൽ ആരംഭിച്ചു. ഒമ്പതു വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നത് കൂറ്റൻ സ്‌ക്രീനിലും ട്രെയിനിലെ ഓരോ കോച്ചിലുമുള്ള സ്‌ക്രീനിലും ദൃശ്യമായി. എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തിയ ശേഷം വാതിലുകൾ അടയുകയും കൃത്യം 1.05 ന് ട്രെയിൻ കാസർകോട് നിന്നും പുറപ്പെടുകയും ചെയ്തു.

സി വൺ, സി ടു കോച്ചുകളിൽ പാർട്ടി നേതാക്കൾക്കും സി. സിക്സിൽ മാധ്യമ പ്രവർത്തകർക്കും സി 4 ൽ വിദ്യാർത്ഥികൾക്കും ആണ് കന്നി യാത്ര നടത്താൻ സൗകര്യം ഏർപ്പെടുത്തിയത്. ഇ -1 കോച്ച് വി വി ഐ പികൾക്കും സി 5 വി ഐ പികൾക്കും ആണ് റിസർവ് ചെയ്തിരുന്നത്. റെയിൽവേ ജീവനക്കാർക്ക് സി 7 കോച്ചും മാറ്റിവച്ചിരുന്നു. ജനപ്രതിനിധികൾക്ക് സി ത്രീയും അനുവദിച്ചു. കന്നി യാത്ര സൗജന്യ പാസ് നൽകിയാണ് നിയന്ത്രിച്ചിരുന്നത്.


എല്ലാവർക്കും ബിരിയാണിയും ചപ്പാത്തിയും

കന്നി യാത്ര നടത്തിയ മുഴുവൻ ആളുകൾക്കും വെജിറ്റബിൾ ബിരിയാണിയും ചപ്പാത്തിയും നൽകിയാണ് റെയിൽവേ ആദിത്യ മര്യാദ പ്രകടിപ്പിച്ചത്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടു കാഞ്ഞങ്ങാട് എത്തുന്നതിനു മുമ്പ് തന്നെ എട്ടു കോച്ചുകളിലും ചപ്പാത്തിയും ബിരിയാണിയും വിതരണം നടന്നിരുന്നു. പ്രത്യേകം പേക്ക് ചെയ്ത ബിരിയാണിയും കുടിവെള്ളവും ഓരോ സീറ്റിലും ജീവനക്കാർ എത്തിച്ചു നൽകുകയായിരുന്നു.

സൗകര്യങ്ങൾ കൂടുതൽ

ആദ്യ വന്ദേ ഭാരത് ട്രെയിനിന്റെ പോരായ്മകൾ തീർത്തു കൊണ്ടുള്ളതാണ് ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേ ഭാരത്. കടും നീല നിറത്തിലുള്ള കുഷ്യൻ ആണ് സീറ്റുകളിൽ.ചാരി കിടന്നാൽ തല പുറത്തേക്ക് തെന്നി പോകാതിരിക്കാൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. സീറ്റിന് അടിയിൽ ഉണ്ടായിരുന്ന മൊബൈൽ ചാർജർ പോയിന്റ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ബയോ ടോയ്ലറ്റിലും കൂടുതൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

കന്നി യാത്രയിൽ കേന്ദ്രമന്ത്രിയും

രണ്ടാം വന്ദേ ഭാരതത്തിന്റെ കന്നി യാത്രക്കാരനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും കാസർകോട് നിന്ന് കയറി. വിവിഐപി കോച്ചിൽ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ, ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസ്, പ്രകാശ് ബാബു എന്നിവരും സഹയാത്രികരായി ഒപ്പമുണ്ടായി. നിരവധി പേർ ആദ്യ യാത്ര നടത്താനുള്ള ആവേശത്തിൽ കാസർകോട് നിന്ന് കയറി കണ്ണൂർ വരെയും കോഴിക്കോട് വരെയും പോയി തിരിച്ചുവന്നു.