കേരളത്തിൽ ബി.ജെ.പിയെ എതിർക്കുന്നത് യു.ഡി.എഫ് മാത്രം: കെ.സി.വേണുഗോപാൽ
മലപ്പുറം: രാജ്യത്ത് ഇന്ത്യാ മുന്നണിയാണ് ബി.ജെ.പിക്കെതിരെ പോരാടുന്നതെങ്കിൽ കേരളത്തിൽ ബി.ജെ.പിയെ എതിർക്കുന്നത് യു.ഡി.എഫ് മാത്രമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ഡി.സി.സിയുടെ ആര്യാടൻ അനുസ്മരണവും ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷന്റെ മികച്ച പാർലമെന്റേറിയനുള്ള ആര്യാടൻ പുരസ്‌കാരദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വനിതാ സംവരണ ബില്ലിൽ ബി.ജെ.പിക്ക് ആത്മാർത്ഥതയില്ല. 2010ൽ യു.പി.എ ഗവ. രാജ്യസഭയിൽ പാസാക്കിയ ബില്ലിനെ കഴിഞ്ഞ 10 വർഷമായി പിന്നോട്ടടിച്ചത് ബി.ജെ.പിയാണ്. ബില്ലിലെ വ്യവസ്ഥകൾ പ്രകാരം അത് യാഥാർത്ഥ്യമാകാൻ ഇനിയും 10 വർഷമെടുക്കും. ബി.ജെ.പിക്ക് വനിതാ സംവരണം തിരഞ്ഞെടുപ്പ് ആയുധം മാത്രമാണ്. പാർലമെന്റിന്റെ പുതിയ കെട്ടിടത്തിൽ പോലും ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ അരങ്ങേറ്റമാണ് നടക്കുന്നത്. വിദ്വേഷ പരാമർശം നടത്തിയ രമേശ് ബധുരിയെ പാർലമെന്റിൽ നിന്ന് പുറത്താക്കാതെ സംരക്ഷിക്കുകയാണ് ബി.ജെ.പി. രാജ്യത്തിന്റെ മതേതര സങ്കൽപ്പങ്ങളെ തച്ചുടയ്ക്കുന്ന മോദി ഭരണത്തെ താഴെയിറക്കാനാണ് ഇന്ത്യാ സഖ്യം രൂപീകരിച്ചതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്കുള്ള രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നിറുത്തിവച്ചത് ആര്യാടൻ മരണപ്പെട്ടപ്പോൾ രാഹുൽഗാന്ധിക്ക് അന്ത്യോപചാരമർപ്പിക്കാൻ മാത്രമായിരുന്നു. അതിൽ നിന്നുതന്നെ കോൺഗ്രസ് പ്രസ്ഥാനത്തിന് ആര്യാടൻ ആരായിരുന്നുവെന്ന് വ്യക്തമാകും. മഹർഷിവര്യൻമാർ മരണപ്പെടുന്നതിന് മുമ്പെ മന്ത്രരഹസ്യങ്ങൾ പ്രിയപ്പെട്ട ശിഷ്യന് കൈമാറുന്നത് പോലെ സാമ്പത്തിക കാര്യങ്ങളിലെ ചില തന്ത്രങ്ങൾ ആര്യാടൻ തനിക്കാണ് കൈമാറിയതെന്ന് വി.ഡി.സതീശൻ പറഞ്ഞു. താൻ ആർക്കും ഇതുവരെ കൈമാറാത്ത രഹസ്യമാണിതെന്ന് പറഞ്ഞാണ് നൽകിയത്. സാമ്പത്തിക കാര്യങ്ങളിൽ അഗാധമായ പാണ്ഡിത്യമായിരുന്നു ആര്യാടന്. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ബഡ്ജറ്റ് ചർച്ചയ്ക്ക് തുടക്കമിട്ട് പ്രസംഗിക്കുക ആര്യാടനാണെന്നും വി.ഡി.സതീശൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ് അദ്ധ്യക്ഷനായി. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, കെ.സി.ജോസഫ്, എ.പി.അനിൽ കുമാർ എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, പി.എ.സലീം, ആലിപ്പറ്റ ജമീല, പി.ടി.അജയ് മോഹൻ, സി.ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. ആര്യാടൻ ഫൗണ്ടേഷന്റെ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സമ്മാനിച്ചു.