അമൃത സ്വാശ്രയ സംഘത്തിലെ ഓണാഘോഷം
തിരുവനന്തപുരം: അമൃത സ്വാശ്രയ സംഘത്തിലെ ആറായിരത്തോളം കുടുംബാംഗങ്ങളുടെ ഓണാഘോഷം ശാർക്കര ദേവീ ഓഡിറ്റോറിയത്തിൽ നടന്നു. വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എട്ടു വർഷമായി ചിറയിൻകീഴിൽ പ്രവർത്തിക്കുന്ന അമൃത സ്വാശ്രയ സംഘത്തിലൂടെ ലക്ഷങ്ങളുടെ ചികിത്സാ സഹായമാണ് നിർദ്ധനർക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ കോളേജുകളിൽ വിദ്യാഭ്യാസ രംഗത്ത് കിട്ടുന്ന സേവനങ്ങളും തൊഴിൽ അവസരങ്ങളും സാമ്പത്തിക സഹായവുമെല്ലാം നാടിന് മാതൃകയാണ്. സ്വാശ്രയ സംഘത്തെ മുന്നോട്ടുനയിക്കുന്നതിൽ സി.വിഷ്ണുഭക്തൻ വഹിച്ച പ്രവർത്തനത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം അമ്മ 100 തയ്യൽ മെഷീനുകളും 100 കമ്പ്യൂട്ടറുകളും ആശ്രമത്തിന് അനുവദിച്ചതായി പ്രസിഡന്റ് സി.വിഷ്ണുഭക്തൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ആശ്രമത്തിലെ ടീച്ചർമാർ സൗജന്യമായി ക്ലാസ് എടുക്കുകയും പഠനം പൂർത്തിയാക്കുന്നവർക്ക് ഇവ സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് മനോജ് ബി.ഇടമന, എ.ഐ.കെ.എസ് ജില്ലാ കമ്മിറ്റിയംഗം ജയകുമാർ, മറ്റ് എക്സിക്യുട്ടീവ് അംഗങ്ങളായ ശാർക്കര സുരേഷ്, ജോസ്, ശിവദാസ്, രാജൻ ഫെഡറൽ ബാങ്ക്, പ്രീത, പ്രസീത, അജിത, മീര, ഷീജ എന്നിവർ പങ്കെടുത്തു. 500 ഓളം കുടുംബാംഗങ്ങൾ ചേർന്ന് വിപുലമായ ഓണസദ്യയും ഒരുക്കി. അത്തപ്പൂക്കളവും തിരുവാതിരക്കളിയും വിവിധ കലാകായിക പരിപാടികളും സംഘടിപ്പിച്ചു.
ഫോട്ടോ: അമൃത സ്വാശ്രയ സംഘത്തിലെ ഓണാഘോഷം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ആശ്രമം പ്രസിഡന്റ് സി.വിഷ്ണുഭക്തൻ, പി.മുരളി, മനോജ്.ബി.ഇടമന, ജയകുമാർ, പ്രീത, പ്രസീത, അജിത, മീര, ഷീജ എന്നിവർ സമീപം