ഡോ. വന്ദനയുടെ കൊലപാതകം: സി.ബി.ഐ അന്വേഷണം വേണമെന്ന ഹർജി ഒക്ടോബർ മൂന്നിലേക്ക് മാറ്റി
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദനാദാസ് കുത്തേറ്റുമരിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി ഒക്ടോബർ മൂന്നിലേക്ക് മാറ്റി. മാതാപിതാക്കളായ കെ.ജി. മോഹൻദാസും ടി. വസന്തകുമാരിയും നൽകിയ ഹർജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്.
മേയ് പത്തിന് രാത്രിയിലാണ് ഡോ. വന്ദന കുത്തേറ്റുമരിച്ചത്. പൊലീസ് മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുവന്ന സന്ദീപ് എന്ന പ്രതി അക്രമാസക്തനായതിനെത്തുടർന്ന് കത്രികയുപയോഗിച്ച് വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വന്ദനയ്ക്ക് സംരക്ഷണം നൽകുന്നതിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്‌ചയുണ്ടായെന്നും ഇതുമറച്ചുവച്ചാണ് അന്വേഷണം നടത്തുന്നതെന്നുമാണ് മാതാപിതാക്കളുടെ ആരോപണം. എന്നാൽ അന്വേഷണം ശരിയായ ദിശയിലാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.