മക്കളിൽ അഞ്ചാമൻ ആനക്കുറുമ്പൻ
പാലക്കാട്: ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണനിലയത്തിലെ പാറുക്കുട്ടിയമ്മ - രാമകൃഷ്ണഗുപ്തൻ ദമ്പതികൾക്ക് മക്കൾ അഞ്ചാണ്. ആ അഞ്ചാമൻ കടൽ കടന്നെത്തിയ ഒരാനക്കുറുമ്പനും, ശ്രീകൃഷ്ണപുരം വിജയ്. 22 വർഷം മുമ്പ് അഞ്ചാം വയസിലാണ് വിജയിയെ ആൻഡമാൻ ദ്വീപിൽ നിന്നെത്തിച്ചത്.
പാറുക്കുട്ടിയുടെയും രാമകൃഷ്ണന്റെയും മക്കളെല്ലാം അടുത്തൊക്കെയുണ്ട്. പക്ഷേ തറവാട്ടിൽ ഇവർക്ക് കൂട്ട് വിജയ് മാത്രം. 34 വർഷം ടീച്ചറായിരുന്ന പാറുക്കുട്ടിയമ്മ (75) പെൻഷൻ മുഴുവൻ ചെലവാക്കിയാണ് ആനക്കുട്ടിയെ വാങ്ങിയത്. രാമകൃഷ്ണ ഗുപ്തൻ (83) ഒപ്പം നിന്നു.
അമ്മക്കുട്ടിയാണ് വിജയ്. പാറുക്കുട്ടിയോടാണ് അടുപ്പം. രാമകൃഷ്ണനും പാറുക്കുട്ടിയും തന്നെ ഗൗനിക്കാതെ സംസാരിച്ചിരിക്കാനൊന്നും അവൻ സമ്മതിക്കില്ല. ശബ്ദമുണ്ടാക്കി വിളിക്കും. ഉടൻ അടുത്തെത്തിയില്ലെങ്കിൽ പനമ്പട്ട ഓടിലേക്കെറിയും.
എന്നും ചോറു കൊടുക്കുന്നത് രാമകൃഷ്ണനാണ്. ചോറ് ചെമ്പുമായി ചെല്ലുമ്പോൾ അത് വയ്‌ക്കേണ്ടിടം തുമ്പിക്കൈകൊണ്ട് വൃത്തിയാക്കും. പിന്നെ ഓരോ ഉരുളയും വാങ്ങും. ദിവസവും ഉച്ചയ്ക്ക് അഞ്ച് കിലോ അരിയുടെ ചോറ്. വൈകിട്ട് അഞ്ച് കിലോ അവൽ കുഴച്ചത്. പിന്നെ ശർക്കര, പനമ്പട്ട. പിണങ്ങിയാൽ ഭക്ഷണം കഴിപ്പിക്കില്ല. പാപ്പാന്മാരായ വിപിൻ, അജിത്ത്, ആദർശ് എന്നിവർക്ക് അടുത്തു തന്നെ താമസ സൗകര്യവും നൽകിയിട്ടുണ്ട്. രാമകൃഷ്ണ ഗുപ്തൻ 1995ൽ പഞ്ചായത്ത് വകുപ്പിൽ നിന്നും പാറുക്കുട്ടി 2001ൽ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും വിരമിച്ചു.
വിജയിനെ കണ്ടത് ആൽബത്തിൽ
വക്കീലായ മൂത്ത മകൻ കൊച്ചു നാരായണന്റെ ആനക്കച്ചവടക്കാരനായ സുഹൃത്തിന്റെ ആൽബത്തിലാണ് വിജയിനെയും അമ്മയാനയെും ആദ്യം കണ്ടത്. അപ്പോൾ തന്നെ വിജയിനെ ഇഷ്ടമായി. തുടർന്ന് 2001ൽ ആനക്കുട്ടിയെ വാങ്ങാൻ 25,000 രൂപയുമായി രാമകൃഷ്ണ ആൻഡമാനിലെത്തി. ലിറ്റിൽ ആൻഡമാൻ ദ്വീപിലായിരുന്നു ആനയും കുട്ടിയും. 2000 രൂപ അഡ്വാൻസ് നൽകി മടങ്ങി. ഒക്ടോബറിൽ വീണ്ടുമെത്തി നാല് ലക്ഷം രൂപയ്‌ക്ക് ആനക്കുട്ടിയെ സ്വന്തമാക്കി. അഞ്ചുദിവസത്തെ കപ്പൽ യാത്രയ്‌ക്കൊടുവിലാണ് വിജയിനെ ചെന്നൈയിലെത്തിച്ചത്. തുടർന്ന് ലോറിയിൽ ശ്രീകൃഷ്ണപുരത്തെത്തിച്ചു. ആകെ ചെലവ് അഞ്ചേമുക്കാൽ ലക്ഷം.
ശ്രീകൃഷ്ണപുരത്തെ ആനത്തറവാട്ടിലേക്കാണ് വിജയിനെ കൊണ്ടുപോയത്. അവിടെ ഭാഷയും ചട്ടങ്ങളും പഠിച്ചശേഷം പാറുക്കുട്ടിയമ്മയുടെ അരികിലേക്ക്. പേരിനൊപ്പം ശ്രീകൃഷ്ണപുരം എന്നു ചേർത്തു. പാപ്പാന്മാരുടെ ശമ്പളമുൾപ്പെടെ മാസം ഒന്നേകാൽ ലക്ഷം രൂപ ചെലവുണ്ട്. പെൻഷനും ഉത്സവ വരുമാനവുമാണ് ആശ്രയം. കൊവിഡ് കാലത്ത് ബാങ്കിലെയും പോസ്റ്റ് ഓഫീസിലെയും നിക്ഷേപങ്ങളെല്ലാം പിൻവലിച്ചും ആഭരണങ്ങൾ പണയം വച്ചുമാണ് അവനെ പോറ്റിയത്. രമ, രാജേഷ്, രമേഷ് എന്നിവരാണ് പാറുക്കുട്ടി - രാമകൃഷ്ണ ഗുപ്തൻ ദമ്പതികളുടെ മറ്റുമക്കൾ.