ഇന്ത്യയ്ക്കൊരു 'കുതിരപ്പവൻ'

Wednesday 27 September 2023 12:52 AM IST

41 വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസിലെ കുതിരയോട്ടത്തിൽ (ഇക്വിസ്റ്റേറിയൻ) സ്വർണമെഡൽ. ഇന്നലെ ഹ്വാംഗ്ചോയിൽ ഡ്രെസേജ് വിഭാഗത്തിൽ സുദീപ്തി ഹലേജ,ദിവ്യാകൃതി സിംഗ്,വിപുൽ ചെദ്ദ,അനുഷ്അഗർവാല എന്നിവരടങ്ങിയ ടീമാണ് സ്വർണമെഡൽ നേടിത്തന്നത്. 1982ലെ ഡൽഹി ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യ ഒടുവിൽ കുതിരയോട്ടത്തിൽ പൊന്നണിഞ്ഞത്.

പായ്‌വഞ്ചിയോട്ടത്തിൽ( സെയ്‌ലിംഗ് ) ഇന്നലെ ഓരോ വെള്ളിയും വെങ്കലവും കൂടി ലഭിച്ചതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം മൂന്ന് സ്വർണവും നാലുവെള്ളിയും ഏഴുവെങ്കലവും ഉൾപ്പടെ 14 ആയി ഉയർന്നു. പെൺകുട്ടികളുടെ ഡിങ്കി ബോട്ട് ഉപയോഗിച്ചുള്ള ഐ.എൽ.സി.എ -4 കാറ്റഗറി റേസിൽ നേഹാ താക്കൂറാണ് വെള്ളി നേടിയത്. വിൻഡ്സർഫിംഗ് ആർ.എക്സിൽ ഇബാദ് അലിയാണ് വെങ്കലം നേടിയത്. ഇന്നലെ നടന്ന പുരുഷന്മാരുടെ വോളിബാളിൽ അഞ്ചാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റു. ജൂഡോയിൽ മെഡൽ പ്രതീക്ഷയായിരുന്ന തൂലിക മൻ ക്വാർട്ടറിൽ വീണു.