കേരളകൗമുദി എന്നും അനീതിക്ക് എതിരെ ശബ്ദമുയർത്തി: ഗവർണർ

Wednesday 27 September 2023 12:16 AM IST

തിരുവനന്തപുരം: സമൂഹത്തിലെ അനാചാരങ്ങൾക്കും അനീതിക്കുമെതിരെ എന്നും ശബ്ദമുയർത്തിയ പത്രമാണ് കേരളകൗമുദിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള കേരളകൗമുദി എക്‌സലൻസ് അവാർഡുകൾ മാസ്കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പു തന്നെ സി.വി. കുഞ്ഞുരാമൻ വാരികയായി തുടങ്ങിയ കൗമുദി വിവിധ വിഷയങ്ങളിൽ ഇടപെട്ട് സമൂഹത്തിന്റെ വിശ്വാസ്യത നേടിയിരുന്നു. പിന്നീട് പത്രാധിപർ കെ. സുകുമാരൻ കേരളകൗമുദിയെ ദിനപത്രമാക്കി മാറ്റിയപ്പോൾ ശ്രീനാരായണ ഗുരുദേവന്റെ തത്വചിന്തകൾ മുറുകെപ്പിടിച്ച് പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറി.ന മ്മുടെ നാട്ടിൽ പത്രാധിപന്മാർ ധാരാളമുണ്ട്. എന്നാൽ,​ പത്രാധിപരെന്നു പറഞ്ഞാൽ അത് കെ. സുകുമാരനാണ്. പക്ഷം പിടിക്കാതെയുള്ള സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനമാണ് കേരളകൗമുദിയെ മറ്റുള്ള പത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. കേരളകൗമുദി എന്ന വാക്കിന്റെ അർത്ഥം തന്നെ കേരളത്തിന്റെ നിലാവെന്നാണ്. കേരളം മുഴുവൻ വിളങ്ങണമെന്ന ലക്ഷ്യത്തോടെയാകണം സ്ഥാപകർ ഈ പേരു നൽകിയത്.

മന്ത്രിയുടെ രാജിയിലേക്ക് നയിച്ച ആദ്യ അന്വേഷണാത്മക റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന്റെയും, എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോർച്ച പുറത്തു കൊണ്ടുവന്നതിന്റെയും ക്രെഡിറ്റ് കേരളകൗമുദിക്കാണ്. മാറുന്ന കാലത്തിനൊപ്പം സ‌‌‌ഞ്ചരിക്കുന്ന കേരളകൗമുദി ടെലിവിഷൻ,​ ഡിജിറ്റൽ മേഖല അടക്കമുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിലും ചുവടുറപ്പിച്ചിട്ടുണ്ട്.

വാർത്തകൾക്കപ്പുറവും കടന്ന് കേരളകൗമുദി സാമൂഹ്യ രംഗത്തെ സാധാരണ മനുഷ്യരുടെ മികവുകളെ കണ്ടെത്തി ആദരിക്കുന്നതിൽ ശ്രദ്ധിക്കുന്നത് അഭിനന്ദനാർഹമാണ്. ലാഭേച്ഛയില്ലാതെയാണ് ഗുരുദേവൻ സമൂഹത്തിന്നായി പ്രവർത്തിച്ചത്. അതുപോലെ മനുഷ്യരാശിക്കായി പ്രവർത്തിക്കുന്നവരെ അവാർഡുകൾ നൽകി ആദരിക്കുന്നത് മഹത്തരമാണ്. ഒരു പത്രം മികവെന്ന ആശയത്തിലൂടെ വെളിവാക്കുന്നത് സത്യസന്ധമായ വാർത്താ റിപ്പോർട്ടിംഗിനൊപ്പം സാമൂഹ്യ നീതിയിലും ക്ഷേമത്തിലുമുള്ള പ്രതിബദ്ധത കൂടിയാണ്. അവാർഡ് ജേതാക്കളെ ആദരിക്കുന്ന ഈ അവസരത്തിൽ ഗുരുദേവൻ വ്യവസായമെന്ന വാക്കിന് നൽകിയ കഠിനാദ്ധ്വാനമെന്ന നിർവചനം കൂടി നമ്മൾ ഓർക്കണം. ഇതു പോലുള്ള അവാർഡുകൾ സമൂഹത്തിന് പ്രചോദനമാകുമെന്നും ഗവർണർ പറഞ്ഞു.

ചടങ്ങിൽ മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായി. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ആമുഖ പ്രഭാഷണവും വി.കെ. പ്രശാന്ത് എം.എൽ.എ ആശംസാ പ്രസംഗവും നടത്തി. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമൻ സ്വാഗതം പറഞ്ഞു. ഡോ. ഹരീഷ് (ഡി റിനോൺ ബയോടെക്), എ.ആർ. രേഖ (ആദിരേഖ ആയുർവേദ), കേണൽ രാജീവ് മണ്ണലി (പ്രതിരോധം), ഡോ. എൻ. പ്രതാപ് കുമാർ (കാർഡിയോളജിസ്റ്റ്, മെഡിട്രിന ഗ്രൂപ്പ് ഒഫ് ഹോസ്‌പിറ്റൽസ്), റോബിൻ രാജേഷ് (പ്രീമിയം റിന്യൂവബിൾസ് ഇന്ത്യ), രത്നാകരൻ വിശ്വനാഥൻ (രത്നകലാ ഗ്രൂപ്പ്), മുഹമ്മദ് മദനി (എ.ബി.സി മെർക്കന്റൈൽ ഗ്രൂപ്പ്), വിനോദ് (എ.എസ്.ജി ഐ ഹോസ്‌പിറ്റൽസ്), ചാർളി വർഗീസ് (കെ.ടി.ഇ ടൂർസ്), ഷൈൻ വാസുദേവൻ (ആത്മ കെയർ), ജിജി ജോസഫ് (മദർ തെരേസ ഫൗണ്ടേഷൻ ഒഫ് ഇന്ത്യ), ഡോ. ടി.ടി. പ്രവീൺ (മൈക്കിൾ ചാരിറ്റബിൾ ട്രസ്റ്റ്), ഡ‌ി. മോഹനൻ (എഴുത്തുകാരൻ) എന്നിവർക്ക് ഗവർണർ അവാർഡുകൾ നൽകി.

Advertisement
Advertisement