അധികൃതരുടെ ശ്രദ്ധക്കുറവ്, ചുള്ളിയാർ ഡാം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാകുന്നു
. ഇലക്ട്രിക്കൽ റൂമിന്റെ ജനലും വാതിലും തകർത്തു.
. സോളാർ വിളക്കുകൾ നശിപ്പിക്കപ്പെട്ട നിലയിൽ. . സോളാർ ബാറ്ററികൾ മോഷണം പോയി.
മുതലമട: ഗ്രാമപഞ്ചായത്തിലെ പ്രധാന അണക്കെട്ടായ ചുള്ളിയാർ ഡാമിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടുന്നു. രാത്രികാലങ്ങളിൽ ചിലർ ഡാമിൽ അതിക്രമിച്ചു കയറി മദ്യപിക്കുന്നതായും വിദ്യാർത്ഥികൾ ഒരുമിച്ചെത്തി ലഹരി ഉപയോഗിക്കുന്നതായും നാട്ടുകാർ പറയുന്നു. ഇതിന് പ്രധാന കാരണം അധികൃതരുടെ ശ്രദ്ധ കുറവാണെന്നാണ് നാട്ടുകാരുടെ ആരോപണം.
ഡാമിന്റെ റോഡുകളിൽ എല്ലാം സോളാർ വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. കോപ്പാർ വയറുകൾ, കോർകേബിളുകൾ, സോളാർ വിളക്കിന്റെ ബാറ്ററികൾ അങ്ങനെ പലതും മോഷണം പോയിട്ടുണ്ട്. ഇലക്ട്രിക്കൽ റൂമിന്റെ ജനലുകളും വാതിലുകളും തല്ലിത്തകർത്ത് നിലയിലാണ്. ഇവിടെ കാടുകയറി നശിച്ചിരിക്കുന്നു.
മുൻപ് ഇരുപത്തഞ്ചോളം വരുന്ന ക്വാർട്ടേഴ്സുകൾ ഡാം ജീവനക്കാർക്ക് ഉണ്ടായിരുന്നെങ്കിലും അവയെല്ലാം നിലവിൽ നശിച്ച നിലയിലാണുള്ളത്. സമീപ കാലം വരെ ഡാമിനകത്ത് അതിക്രമിച്ചുകയറി അനധികൃതമായി മത്സ്യബന്ധനവും സജീവമായിരുന്നു. പിന്നീട് പൊലീസും ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളികളും ചേർന്ന് സംയുക്ത സുരക്ഷാസേന രൂപീകരിച്ചതിന് ശേഷം ഇതിന് താൽകാലിക ആശ്വാസമായിട്ടുണ്ട്. ഇതിനെല്ലാം കാരണം അധികൃതരുടെ ഭാഗത്തുനിന്നുള്ള പിഴവാണെന്ന് നാട്ടുകാർ പറയുന്നു. ഇറിഗേഷൻ വിഭാഗം മുതൽ ഡാം സുരക്ഷാ വിഭാഗം വരെ അലസമായാണ് ഈ പ്രക്രിയയെ നോക്കി കാണുന്നത്.
ഡാമിനകത്ത് അതിക്രമിച്ച കയറുന്ന സാമൂഹ്യവിരുദ്ധരെ തടയാൻ പൊലീസും ഡാം സുരക്ഷ അതോറിറ്റിയും അധികൃതരും മുൻകൈയെടുക്കണം. എന്നാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാകൂ. പിടിക്കപ്പെടുന്ന സാമൂഹിക വിരുദ്ധർക്കെതിരെ കടുത്ത നടപടിയെടുക്കണം. വിദ്യാർത്ഥികൾ ഒരുമിച്ചെത്തി ലഹരിയുടെ ഉപയോഗിക്കുന്നത് ഇല്ലാതാക്കണം.
എൽ.ശിവരാമൻ, ജനതാദൾ (എസ്), മുതലമട പഞ്ചായത്ത് കമ്മിറ്റി അംഗം.