150 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച് നിലവാരം

Wednesday 27 September 2023 12:18 AM IST

തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതിയിലെയും തിരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയർത്തി.

ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയധികം സർക്കാർ മേഖലയിലെ ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾ എൻ.എ.ബി.എച്ച് ആക്രഡിറ്റേഷന് അപേക്ഷിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. സ്ഥാപനങ്ങളിലെ എൻ.എ.ബി.എച്ച് കേന്ദ്ര സംഘത്തിന്റെ അന്തിമ വിലയിരുത്തൽ പുരോഗമിക്കുകയാണ്. എൻ.എ.ബി.എച്ച് അംഗീകാരം ലഭിക്കുന്നതോടെ ആയുഷ് ആതുരസേവന രംഗത്ത് മികച്ച ഗുണനിലവാരം ഉറപ്പാക്കാനാകും. അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീസുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവയുൾപ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് എൻ.എ.ബി.എച്ച് അംഗീകാരം ലഭ്യമാകുന്നത്. രണ്ടു വർഷത്തിനിടെ 532.51കോടി രൂപയാണ് ആയുഷ് മേഖലയ്‌ക്കായി അനുവദിച്ചത്.