അട്ടപ്പാടി മധു വധക്കേസ്: സ്‌പെഷ്യൽ പ്രോസിക്യൂട്ടറെനിയമിച്ചത് സർക്കാർ അറിയിച്ചു

Wednesday 27 September 2023 12:52 AM IST

കൊച്ചി: അട്ടപ്പാടി മധുവധക്കേസിൽ ഹൈക്കോടതിയിലുള്ള അപ്പീലിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സീനിയർ അഭിഭാഷകൻ കെ.പി. സതീശനെ നിയമിച്ചത് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വിചാരണക്കോടതിയിൽ പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഭിഭാഷകരെ സ്പെഷ്യൽ പ്രോസിക്യൂട്ടർമാരായി നിയമിക്കണമെന്നാണ് മധുവിന്റെ അമ്മ മല്ലി ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം മല്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു. എന്നാൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം സംബന്ധിച്ച തർക്കം അപ്പീലിൽ വാദം വൈകിപ്പിക്കാനാണെന്ന് പ്രതിഭാഗം കോടതിയിൽ ആരോപിച്ചു.

വിചാരണക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലും ഇവർക്ക് പരമാവധി ശിക്ഷനൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലുമാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിക്കുന്നത്. ഇന്നലെ അപ്പീലുകൾ പരിഗണനയ്‌ക്കെടുത്തപ്പോൾ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. തുടർന്ന് അപ്പീലുകൾ ഒക്ടോബർ ആറിലേക്ക് മാറ്റി.

ആദിവാസി യുവാവായ മധുവിനെ അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് പ്രതികൾ മർദ്ദിച്ചുകൊന്നെന്നാണ് കേസ്. 2018 ഫെബ്രുവരി 22 നായിരുന്നു സംഭവം. വിചാരണക്കോടതി കേസിലെ 13 പ്രതികൾക്ക് ഏഴുവർഷം തടവുശിക്ഷ വിധിച്ചിരുന്നു.