ഈ ഗൾഫ് രാജ്യത്തേയ്ക്ക് തലസ്ഥാനത്ത് നിന്ന് ഇനി നേരിട്ട് പറക്കാം; സർവീസുകൾ പുനരാരംഭിക്കുന്നു,സയമക്രമം ഇങ്ങനെ

Wednesday 27 September 2023 12:20 AM IST

തിരുവനന്തപുരം: ഒമാന്‍ എയര്‍ ഒക്‌ടോബര്‍ ഒന്ന് മുതല്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നു. ഞായര്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്. 162 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ്-737 വിമാനങ്ങളാണ് സര്‍വീസ് നടത്തുക.

ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ 07.45ന് എത്തി 08.45ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 01: 55ന് എത്തി വൈകീട്ട് 04: 10ന് പുറപ്പെടും. ശനിയാഴ്ചകളില്‍, ഉച്ചയ്ക്ക് 02:30ന് എത്തി 03:30ന് പുറപ്പെടും.തിരുവനന്തപുരം-മസ്‌കറ്റ് സെക്ടറിലെ രണ്ടാമത്തെ വിമാനക്കമ്പനിയാണ് ഒമാന്‍ എയര്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ റൂട്ടില്‍ പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്. നിലവില്‍ പ്രതിദിനം ശരാശരി 12000 പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.

അതേസമയം ഇന്ത്യയിലേക്കുള്ള സർവീസുകൾ പൂർണമായും നിർത്തിവയ്ക്കുമെന്ന് ഒമാന്റെ പ്രമുഖ എയർവെയ്സ് കമ്പനി അറിയിച്ചിരുന്നു. ഒക്ടോബർ മാസം മുതലുള്ള സർവീസുകൾ നിർത്തിവക്കുമെന്നാണ് സലാം എയർ അറിയിച്ചത്. തിരുവനന്തപുരം, കോഴിക്കോട് എന്നീ വിമാനത്താവളത്തിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. ടിക്കറ്റ് റിസ‌ർവ് ചെയ്ത യാത്രികർക്ക് ഇതിനോടകം തന്നെ സർവീസ് റദ്ദാക്കിയതായി സന്ദേശം ലഭിച്ചിട്ടുണ്ട്.