കോന്നി സുരേന്ദ്രനടക്കം ശബരിമല കാടുകളിൽ നിന്നുള്ള ആനകൾക്കുള്ള സ്വഭാവ സവിശേഷതകൾ കൃത്യമായി കിട്ടിയിട്ടുള്ള ആനക്കുഞ്ഞൻ കൊച്ചയ്യപ്പൻ

Wednesday 27 September 2023 12:58 AM IST

കേരള സാഹിത്യത്തിൽ ശ്രദ്ധേയമായ സ്ഥാനമുള്ളൊരു ഗ്രന്ഥമാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 'ഐതിഹ്യമാല'. 18-19 നൂറ്റാണ്ടുകളിലെ കേരളത്തിൽ പറഞ്ഞുകേട്ടതായ പല വിചിത്ര കഥകളും ആ ഗ്രന്ഥത്തിലുണ്ട്. നിരവധി ആനക്കഥകളും ഐതിഹ്യമാലയിൽ ഇടംപിടിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് കോന്നിയിൽ കൊച്ചയ്യപ്പൻ എന്ന കൊമ്പന്റെ കഥ. നൂറ്റാണ്ട് മുൻപുള്ള കൊച്ചയ്യപ്പന്റെ പിൻമുറക്കാരനായി കോന്നി ആനക്കൂട്ടിൽ ഇപ്പോഴൊരു കുട്ടിക്കുറുമ്പനുണ്ട്. അതെ അവനും ഒരു കൊച്ചയ്യപ്പനാണ്.

2021 ഓഗസ്റ്റ് മാസത്തിൽ റാന്നി ഗൂഡ്രിക്കൽ ഭാഗത്ത് നിന്നും വനംവകുപ്പിന് കിട്ടിയ തീരെ ചെറിയ ആനക്കുട്ടിയാണ് കൊച്ചയ്യപ്പൻ. ഷംസുദ്ദീൻ ഇക്കയാണ് ഇപ്പോൾ അവനെ വഴിനടത്തുന്നത്. നാട്ടാനകൾ അറിഞ്ഞിരിക്കേണ്ട പാഠങ്ങളെല്ലാം കുസൃതിക്കുടുക്കയായ അവൻ മെല്ലെ പഠിച്ചുവരികയാണ്.

ഇപ്പോൾ ഏകദേശം രണ്ടര വയസിനടുത്ത് മാത്രമാണ് കൊച്ചയ്യപ്പന്റെ പ്രായം. ശബരിമല കാടുകളിൽ നിന്നും കിട്ടിയവനായതിനാൽ ആനയ്‌ക്ക് ശബരിമല ആനകൾക്കുള്ള വീറും വാശിയും ഉണ്ട്. ഇഷ്‌ടമല്ലാത്തവരെ അകറ്റി നി‌ർത്തുന്ന സ്വഭാവം ഉണ്ട്. ഇപ്പോൾ കേരളത്തിലെ താപ്പാനകളിൽ കേമനായ യുവതാരം കോന്നി സുരേന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനക്കേമൻ തൃക്കടവൂർ ശിവരാജു ഇവരെല്ലാം കോന്നി കാടുകളുടെ സന്തതികളാണ്.