തട്ടിപ്പ്കേസ് മൊയ്തീനിൽ മാത്രം ഒതുങ്ങില്ല : കെ. സുരേന്ദ്രൻ

Wednesday 27 September 2023 1:19 AM IST

കോട്ടയം : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് എ.സി. മൊയ്തീനിൽ മാത്രം ഒതുങ്ങില്ലെന്നും സി.പി.എം ഉന്നതർക്ക് ബന്ധമുണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ബാങ്ക് ജീവനക്കാരെ ബലിയാടാക്കി ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്ന സി.പി.എം നിലപാടിനെതിരെ ഒക്ടോബർ 2ന് കരുവന്നൂരിൽ സുരേഷ്‌ ഗോപിയുടെ നേതൃത്വത്തിൽ പദയാത്രയും നവംബറിൽ സഹകരണ സംരക്ഷണ സമ്മേളനവും നടത്തും.

സി.പി.എമ്മുകാർ നടത്തുന്ന അഴിമതിയുടെ പിഴ പൊതുഖജനാവിൽ നിന്നാണോ അടയ്‌ക്കേണ്ടത്. സി.പി.എമ്മിന്റെ പണം കൊടുത്ത് സഹകാരികളുടെ കടം വീട്ടണം. സഹകരണ മേഖലയിലെ അഴിമതി അവസാനിപ്പിച്ച് സുതാര്യമാക്കാനാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.