കെ.ജി. ജോർജിന് കലാകേരളത്തിന്റെ അന്ത്യപ്രണാമം

Wednesday 27 September 2023 1:35 AM IST

കൊച്ചി: മലയാള സിനിമാപ്രേമികൾക്ക് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകൻ കെ.ജി. ജോർജിന്റെ മൃതദേഹം രവിപുരം പൊതുശ്മശാനത്തിൽ ദഹിപ്പിച്ചു. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം മാനിച്ച് മതപരമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്കാരം. ശ്മശാനത്തിൽ പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി.

രാവിലെ 11 മുതൽ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സിനിമാ മേഖലകളിലെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാൻ, ജില്ലാ കളക്ടർ എന്നിവർക്കുവേണ്ടിയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ പുഷ്പചക്രം അർപ്പിച്ചു.

സിനിമാമേഖലയിലെ സഹപ്രവർത്തകരായ കമൽ, സിബി മലയിൽ, രഞ്ജി പണിക്കർ, ബൈജു കൊട്ടാരക്കര, ശ്രീമൂലനരഗം മോഹൻ, ബി. ഉണ്ണിക്കൃഷ്ണൻ, പ്രിയനന്ദൻ, ഇടവേള ബാബു, ഷിബു ചക്രവർത്തി, ആലപ്പി അഷറഫ്, ബെന്നി പി. നായരമ്പലം, ബേണി ഇഗ്നേഷ്യസ്, എസ്.എൻ. സ്വാമി, സിയാദ് കോക്കർ, എസ്. കുമാർ, ആന്റോ ജോസഫ്, സജി നന്ത്യാട്ട്, ജോഷി, ബ്ലസി, കലാഭവൻ സെക്രട്ടറി കെ.എസ്. പ്രസാദ്, അഭിനേതാക്കളായ സിദ്ധിഖ്, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, ഷൈൻടോം ചാക്കോ, ഹരിശ്രീ അശോകൻ, ലാൽ, നരേൻ, ജലജ, തെസ്നിഖാൻ, എം.എൽ.എ മാരായ കെ. ബാബു, മഞ്ഞളാംകുഴി അലി, ടി.ജെ. വിനോദ്, ഉമ തോമസ്, രാഷ്ട്രീയ സാംസ്കാരിക നേതാക്കളായ ഡോ. സെബാസ്റ്റ്യൻ പോൾ, മുഹമ്മദ് ഷിയാസ്, ഡോ.കെ.എസ്. രാധാകൃഷ്ണൻ, സി.ജി. രാജഗോപാൽ, കെ. സുരേഷ് കുറുപ്പ്, ജോസ് തെറ്റയിൽ, കെ.എസ്. ഷൈജു തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

ഞായറാഴ്ച രാവിലെ 10.15ന് എറണാകുളം കാക്കനാട്ടെ സിഗ്നേച്ചർ ഏജ് ഡി കെയർ എന്ന വയോജന സംരക്ഷണ കേന്ദ്രത്തിലായിരുന്നു അന്ത്യം. രണ്ടുവർഷമായി അദ്ദേഹം അവിടത്തെ അന്തേവാസിയായിരുന്നു.