17ൽ കാഴ്ച പോയ ഫെബിൻ നാളെ മുതൽ കോളേജ് അദ്ധ്യാപിക

Thursday 28 September 2023 4:04 AM IST
ഫെബിൻ മറിയം ജോസ്

തിരുവനന്തപുരം:പതിനേഴാം വയസിൽ അപൂർവ രോഗത്താൽ കാഴ്ച നഷ്ടപ്പെട്ട ഫെബിൻ മറിയം ജോസ് (31) നാളെ തിരുവനന്തപുരം വിമൻസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ക്ലാസ് മുറിയിൽ എത്തും. കേരളത്തിൽ ഫിലോസഫി വിഭാഗത്തിൽ കാഴ്ചപരിമിതിയുള്ള ആദ്യ കോളേജ് അദ്ധ്യാപിക.

അച്ഛൻ ജോൺ ജോസ് വർഷങ്ങളായി സൗദിയിൽ ഫിനാൻഷ്യൽ കൺട്രോളറായിരുന്നു. ഫെബിൻ ജനിച്ചതും വളർന്നതും സൗദിയിലാണ്. അവിടെ വച്ചാണ് കാഴ്ച നഷ്ടമായത്. 'എനിക്ക് കോളേജിൽ പോകാൻ പറ്റില്ലേ പപ്പാ...' എന്ന് പറഞ്ഞ് അന്നവൾ ഒരുപാട് കരഞ്ഞു.

പഠിക്കാൻ മിടുക്കിയായിരുന്ന ഫെബിന് പ്ലസ്ടു പൂർത്തിയാക്കാനായില്ല. ഐ.എ.എസ് അടക്കമുള്ള സ്വപ്നങ്ങൾ ഉപേക്ഷിച്ചു. മൂന്ന് വർഷം മരുന്നും ചികിത്സയും. കാഴ്ചയില്ലാതെ ജീവിതത്തോട് പൊരുതിയ ഹെലൻ കെല്ലറിന്റെ കഥ അമ്മ ലിസി കുഞ്ചാക്കോ ഫെബിന് വായിച്ച് കൊടുത്തു. ക്രമേണ ഫെബിൻ ആത്മബലം വീണ്ടെടുത്തു.

പൊരുതി 14 വർഷം , ടോപ്പറായി

വീട്ടിലിരുന്ന് പഠിച്ച് നാഷണൽ ഇൻസ്റ്റിട്യൂട്ട് ഒഫ് ഓപ്പൺ സ്‌കൂളിൽ നിന്ന് ഹ്യുമാനിറ്റീസിൽ പ്ലസ് ടൂ പാസായി. 2012ൽ നാട്ടിലെത്തി. സ്പെഷ്യൽ കാറ്റഗറിയിൽ വിമൻസ് കോളേജിൽ ഫിലോസഫി ബി.എക്ക് ചേർന്നു. ജീവിതത്തെ തത്വചിന്താപരമായി മനസിലാക്കാൻ തുടങ്ങി. ഫിലോസഫി പഠനം രസകരമായി. നോൺവിഷ്വൽ ഡെസ്ക്ടോപ്പ് അക്സസ് സോഫ്റ്റ്‌വെയർ പഠനത്തിന് സഹായിച്ചു. സ്ക്രൈബിനെ വച്ച് പരീക്ഷകൾ എഴുതി. 2015ൽ ബി.എയ്‌ക്ക് കേരള സർവകലാശാല ടോപ്പറായി. 2017ൽ എം.എക്ക് വിമൻസ് കോളേജിൽ നിന്ന് വീണ്ടും യൂണിവേഴ്സിറ്റി ടോപ്പറായി. 2018ൽ നെറ്റ് പാസായി. കാര്യവട്ടം കാമ്പസിൽ പിഎച്ച്.ഡി ഗവേഷണവും തുടങ്ങി.

2021ൽ പി.എസ്.സി അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേയ്ക്കുള്ള പരീക്ഷ. അഭിമുഖവും കഴിഞ്ഞ് ജൂണിൽ ഷോർട്ട് ലിസ്റ്റിൽ വന്നു. പഠിച്ച കോളേജിൽ തന്നെ അദ്ധ്യാപിക ആയതിന്റെ സന്തോഷം.
ഒറ്റയ്‌ക്ക് പുറത്ത് പോകാൻ ഭയമാണ്. അമ്മയാണ് കോളേജിൽ കൊണ്ടുവരുന്നതും തിരികെ കൊണ്ടുപോകുന്നതും. സഹോദരി ഫ്ലെമിൻ അന്നാ ജോസ് (ദന്തിസ്റ്റ്). തിരുവനന്തപുരത്ത് തിരുവല്ലത്താണ് കുടുംബം.

ഫെബിന്റെ കാഴ്ച കവർന്നത്

ഗില്ലൻ ബാരി സിൻഡ്രം ( ജി. ബി. എസ് )

സൗദിയിൽ വച്ച് ഫെബിന് ചിക്കൻപോക്സ് വാക്സിൻ എടുത്തതോടെയുണ്ടായ അസ്വാസ്ഥ്യങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗില്ലൻ ബാരി സിൻഡ്രം എന്ന രോഗാവസ്ഥ തിരിച്ചറിഞ്ഞത്. നാഡീ വ്യവസ്ഥ തകരാറിലാക്കുന്ന രോഗമാണിത്. ഒപ്റ്റിക്ക് നാഡിയെ ബാധിച്ചാൽ കാഴ്ച നഷ്ടപ്പെടാം .

ഗില്ലൻ ബാരി സിൻഡ്രം നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗമാണ്. ശക്തമായ അണുബാധയാണ് കാരണം. കൃത്യസമയത്തെ രോഗനിർണയവും വിദഗ്ദ്ധ ചികിത്സയും ഫിസിയോതെറാപ്പിയും കൊണ്ട് രോഗശമനം ഉണ്ടാകും.

- ഡോ.അനൂപ് കുമാർ. എ. എസ് ഡയറക്ടർ, ക്രിട്ടിക്കൽ കെയർ ആസ്റ്റർ നോർത്ത് കേരള ക്ലസ്റ്റർ

കാഴ്ച പോയപ്പോൾ ദുഃഖിച്ചത് പഠനം മുടങ്ങുന്നതോർത്താണ്. നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയും അതിജീവിക്കാം.

ഫെബിൻ