വെയർഹൗസ് മാർജിൻ 14 ശതമാനമാക്കി: വിദേശമദ്യത്തിന്റെ വില അടുത്തയാഴ്ച കൂടും

Thursday 28 September 2023 12:39 AM IST

തിരുവനന്തപുരം: വെയർഹൗസ്, ഷോപ്പ് മാർജിനുകൾ വർദ്ധിപ്പിക്കാൻ ബെവ്കോ തീരുമാനിച്ചതോടെ വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ വില അടുത്തയാഴ്ച കൂടും. ഒക്ടോബർ മൂന്ന് മുതലായിരിക്കും വിലവർദ്ധന. പ്രതിവർഷം 15 കോടിയുടെ അധികവരുമാനം ബെവ്കോയ്ക്ക് ലഭിക്കും.

വെയർഹൗസ് മാർജിൻ 5 ശതമാനത്തിൽ നിന്ന് 14 ശതമാനമായും ഷോപ്പ് മാർജിൻ മൂന്നിൽ നിന്ന് 6 ശതമാനമായുമാണ് ഉയർത്തിയത്.വിദേശ നിർമ്മിത വൈനിന്റെ വെയർ ഹൗസ് മാർജിൻ 2.5 ൽ നിന്ന് 9 ശതമാനമാക്കി. എന്നാൽ, ഷോപ്പ് മാർജിൻ 5 ആയി നിലനിറുത്തി.

ചില പ്രധാന ബ്രാൻഡുകളുടെ വില. ബ്രായ്ക്കറ്റിൽ ഇപ്പോഴത്തെ വില.

 ടീച്ചേഴ്സ് ഹൈലാൻഡ് ക്രീം....3410 (3050)

 ബ്ളാക്ക് ആൻഡ് വൈറ്റ്................2270 (2030)

 ജോണിവാക്കർ റെഡ്.................2680 (2410)

 ദ ഗ്ളെൻഗറി ഹൈലാൻഡ്......3170 (2840)

 ഐക്കരസ് പ്രീമിയം ജർമ്മൻ ബ്രാണ്ടി....2000 (1790)

 ഗോൾഡ് നെപ്പോളിയൻ ഫ്രഞ്ച്.......2130 (1910)

 ജോണിവാക്കർ ബ്ളാക്ക് ലേബൽ 5450 രൂപ

ബെവ്കോയുടെ ആകെ മദ്യവില്പനയുടെ ഒരു ശതമാനത്തിൽ താഴെയാണ് വിദേശ നിർമ്മിത വിദേശ മദ്യവില്പന. 2022-23 സാമ്പത്തിക വർഷം 150 കോടി ഇതിലൂടെ ലഭിച്ചു. ഈ വർഷം ഇത് 165 ആവുമെന്നാണ് പ്രതീക്ഷ. 1850 രൂപ വിലയുണ്ടായിരുന്ന വാറ്റ് 69 ബ്ളെൻഡഡ് സ്കോച്ച് വിസ്കിയുടെ (750 എം.എൽ) വില 2060 ആയി കൂടും. 4880 വിലയുണ്ടായിരുന്ന ജോണിവാക്കർ ബ്ളാക്ക് ലേബൽ സ്കോച്ച് വിസ്കിക്ക് (750 എം.എൽ) 5450 ആയി കൂടും.

വരുമാനം

 ഇപ്പോഴത്തെ വില്പന- 150 കോടി

 പ്രതീക്ഷിക്കുന്ന വർദ്ധന- 165 കോടി