മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
കോഴിക്കോട്: മാപ്പിളപ്പാട്ടുകൾ കൊണ്ട് ആസ്വാദകഹൃദയം കീഴടക്കിയ ഗായിക റംല ബീഗം (86) അന്തരിച്ചു. വിലക്കുകൾ മറികടന്ന് ക്ഷേത്രങ്ങളിൽ പരിപാടി അവതരിപ്പിച്ച പാട്ടുകാരിയായിരുന്നു റംല ബീഗം. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു അന്ത്യം.
1946 നവംബർ മൂന്നിന് ആലപ്പുഴ ജില്ലയിലായിരുന്നു റംല ബീഗത്തിന്റെ ജനനം. ഹുസൈൻ യൂസഫ്-യമാന മറിയംബീവി ദമ്പതികളുടെ പത്തുമക്കളിൽ ഇളയവളാണ്. ഹിന്ദി ഗാനങ്ങൾ പാടിക്കൊണ്ടായിരുന്നു റംല തന്റെ സംഗീത ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പിലെ പ്രധാന ഗായികയായി വളർന്നു. 18ാം വയസിൽ ആസാദ് മ്യൂസിക് ട്രൂപ്പിലെ തബലിസ്റ്റായിരുന്ന പി.അബ്ദുസലാമിനെ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷവും കഥാപ്രസംഗ സംഗീത രംഗങ്ങളിൽ സജീവമായ റംല ഒരുകാലത്തെ മലയാള സംഗീത വേദികളിലെ സ്ഥിര സാന്നിദ്ധ്യമായി മാറുകയായിരുന്നു.
ഇരുപതോളം ഇസ്ലാമിക കഥകൾ കൂടാതെ പി. കേശവദേവിന്റെ ഓടയിൽനിന്ന്, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി തുടങ്ങിയ കഥകളും കഥാപ്രസംഗ രൂപത്തിൽ കല്യാണ വീടുകളിലും ക്ഷേത്രങ്ങളിലും പാടി അവതരിപ്പിച്ചു. സ്വദേശത്തും വിദേശത്തും സ്റ്റേജുകളിൽ സ്ഥിര സാന്നിദ്ധ്യമായി. പതിനായിരത്തിൽപരം വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ച് റംല റെക്കാർഡ് നേടി.
1971 ൽ ഭർത്താവ് പി.അബ്ദുസലാമുമൊന്നിച്ച് സിംഗപ്പൂരിൽ കഥാപ്രസംഗം അവതരിപ്പിച്ചു കൊണ്ടാണ് വിദേശ പരിപാടികൾ തുടങ്ങുന്നത്. 2018 വരെയും റംല വേദികളിൽ സജീവമായിരുന്നു. കൂടാതെ മുപ്പത്തഞ്ചിലധികം ഗ്രാമഫോൺ റിക്കാർഡുകളിലും അഞ്ഞൂറിലധികം കാസെറ്റുകളിലും പാടി. സംഗീതനാടക അക്കാദമി അവാർഡ് കേരള മാപ്പിളകലാ അക്കാദമി അവാർഡ്, മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അവാർഡ്, ഫോക്ലോർ അക്കാദമി അവാർഡ് എന്നിവ നേടിയിട്ടുണ്ട്.