പരാതി ലഭിച്ചപ്പോൾ തന്നെ ആരോഗ്യമന്ത്രിയുടെ ഓഫീസ് വിഷയം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു, അന്വേഷണം നടക്കട്ടെ; ആരെയും സംരക്ഷിക്കില്ലെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണൽ അസിസ്റ്റന്റിനെതിരെ ഉയർന്ന ആരോപണത്തിൽ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങളിൽ അന്വേഷണം നടക്കട്ടെയെന്നും ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതി ലഭിച്ചപ്പോൾ തന്നെ ആരോഗ്യമന്ത്രിയുടെ ഓഫീസ് വിഷയം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിൽ വിട്ടുവീഴ്ച ചെയ്യാൻ സി പി എമ്മോ എൽ ഡി എഫോ പറയില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
ആരോഗ്യമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് അഖിൽ പി മാത്യു ആയുഷ് മിഷനിലെ മെഡിക്കൽ ഓഫീസർ നിയമനത്തിന് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. മലപ്പുറത്തെ റിട്ട. അദ്ധ്യാപകൻ കാവിൽ അതികാരംകുന്നത്ത് ഹരിദാസൻ കുമ്മാളിയാണ് ആക്ഷേപം ഉന്നയിച്ചത്. മകന്റെ ഭാര്യ ഡോ. നിതാരാജിന് മെഡിക്കൽ ഓഫീസറായി (ഹോമിയോ) നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നായിരുന്നു പരാതി.
ആരോഗ്യമന്ത്രിയുടെ പി എ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വകുപ്പുകൾ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും ഏതുവിധേനയും അഴിമതി നടത്തി പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാരും, സർക്കാരിനോട് ബന്ധപ്പെട്ടവരും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.