ഓണം ബംമ്പറടിച്ചവർക്ക് പണം നൽകരുത്, 25 കോടി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണം; മുഖ്യമന്ത്രിയ്ക്ക് തമിഴ്നാട് സ്വദേശിയുടെ പരാതി

Friday 29 September 2023 8:48 AM IST

തിരുവനന്തപുരം: ഇത്തവണ 25 കോടി ഓണം ബംമ്പർ അടിച്ചവർക്ക് സമ്മാനം നൽകരുതെന്ന് തമിഴ്നാട് സ്വദേശിയുടെ പരാതി. തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നും കേരള സംസ്ഥാന ഭാഗ്യക്കുറികൾ മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കരുതെന്നാണ് നിയമമെന്നും ബ്രിന്ദ ചാരിറ്റബിൾ ട്രസ്റ്റ് ഉടമയുടെ പരാതിയിൽ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും ലോട്ടറി ഡയറക്ടറേറ്റിനുമാണ് പരാതി നൽകിയിരിക്കുന്നത്. കേരളത്തിലെ ബാവ ഏജൻസിയിൽ നിന്ന് കമ്മീഷൻ വ്യവസ്ഥയിലെടുത്ത ടിക്കറ്റ് തമിഴ്നാട്ടിലെ ചില ഭാഗങ്ങളിലാണ് വിറ്റതെന്നും അതിനാൽ സമ്മാനത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണമെന്നുമാണ് പരാതിയിലുള്ളത്. ഒരു മാദ്ധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, സമ്മാനം നേടിയവരെക്കുറിച്ച് അന്വേഷിക്കാൻ ലോട്ടറി വകുപ്പിൽ പ്രത്യേക സമിതിയുണ്ടെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ച ശേഷം മാത്രമേ സമ്മാനത്തുക കൈമാറുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു. കോഴിക്കോട് പാളയത്തെ ബാവ ഏജൻസിയിൽ നിന്ന് പോയ ടി.ഇ 230662 ടിക്കറ്റിന് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്. തിരുപ്പൂർ പെരുമാനെല്ലൂർ സ്വദേശികളായ പാണ്ഡ്യരാജ് (59), കുപ്പുസ്വാമി (45), കോയമ്പത്തൂർ അണ്ണൂർ സ്വദേശികളായ സ്വാമിനാഥൻ (40), രാമസ്വാമി (42) എന്നിവർ ചേർന്നാണ് ലോട്ടറിയെടുത്തത്.

Advertisement
Advertisement