മകൾ പിണക്കം മാറി ഭർതൃവീട്ടിലേക്ക് പോയി; പ്രകോപിതനായ ഗൃഹനാഥൻ വീടിന് തീവച്ച് തൂങ്ങിമരിച്ചു

Friday 29 September 2023 1:45 PM IST

കൊല്ലം: വീടിന് തീയിട്ടതിന് ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. കുട്ടിക്കാട് സ്വദേശി അശോകനാണ് തൂങ്ങി മരിച്ചത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് അശോകനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ആശോകന് ഒരു മകളാണ് ഉള്ളത്. അഞ്ച് വർഷം മുമ്പ് മകൾ പ്രണയിച്ചയാൾക്കൊപ്പം വീട്ടിൽ നിന്നിറങ്ങിപ്പോയിരുന്നു. ഭർത്താവിനോട് പിണങ്ങി കഴിഞ്ഞ വർഷം മകൾ തിരിച്ചെത്തുകയും ചെയ്തു. എന്നാൽ ഭർത്താവ് പരാതി നൽകിയതിനെത്തുടർന്ന് യുവതിയെ കഴിഞ്ഞ ദിവസം പൊലീസ് വിളിപ്പിക്കുകയും, ദമ്പതികൾ തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു.

മകൾ വീണ്ടും ഭർത്താവിനോടൊപ്പം പോയതിൽ അശോകന് മാനസിക പ്രയാസമുണ്ടായിരുന്നു. തിരിച്ചുപോകാൻ മകൾക്ക് സഹായം ചെയ്തുകൊടുത്തെന്നാരോപിച്ച് ഭാര്യയേയും ഇയാൾ വീട്ടിൽ നിന്നിറക്കിവിട്ടിരുന്നു. സംഭവ സമയത്ത് ആശോകൻ മാത്രമേ വീട്ടിലുണ്ടായിരുന്നു. പുക ഉയരുന്നത് കണ്ട പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.