വളരെ ശാന്തവും സൗമ്യവുമായ പ്രകൃതം; ലോകത്തെ ഏറ്റവും പ്രായം കൂടിയ ഈ മത്സ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

Friday 29 September 2023 5:31 PM IST

ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ അക്വേറിയം മത്സ്യമായ മെത്യൂസലയുടെ പ്രായം ഡി.എൻ.എ പഠനത്തിലൂടെ കണ്ടെത്തി കാലിഫോർണിയ അക്കാഡമി ഒഫ് സയൻസസിലെ ഗവേഷകർ. ഓസ്ട്രേലിയൻ ലംഗ്‌ഫിഷ് ഇനത്തിലെ മെത്യൂസലയ്ക്ക് ഏകദേശം 84 വയസാകാമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്.

എന്നാലിത് കുറഞ്ഞത് 92 മുതൽ 101 വയസുവരെയാകാമെന്നാണ് വിശദ പഠനത്തിലൂടെയുള്ള പുതിയ കണ്ടെത്തൽ. നിലവിൽ സാൻഫ്രാൻസിസ്കോയിലെ സ്റ്റെയ്ൻഹാർട്ട് അക്വേറിയത്തിലാണ് മെത്യൂസലയുള്ളത്.

4 അടി നീളവും 18.1 കിലോഗ്രാം ഭാരവുമുള്ള മെത്യൂസലയെ 1938ൽ ഓസ്ട്രേലിയയിൽ നിന്നും സാൻഫ്രാൻസിസ്കോ മ്യൂസിയത്തിലെത്തിക്കുകയായിരുന്നു. മെത്യൂസലയ്ക്ക് സമപ്രായമുള്ള അക്വേറിയം മത്സ്യങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

അതേ സമയം, ഏറ്റവും പ്രായം കൂടിയ ഓസ്ട്രേലിയൻ ലംഗ്‌ഫിഷെന്ന നേട്ടം മെത്യൂസലയ്ക്ക് മുന്നേ ഷിക്കാഗോയിലെ ഷെഡ് അക്വേറിയത്തിലെ ' ഗ്രാൻഡ് ‌ഡാഡ് " എന്ന മത്സ്യത്തിന് ലഭിച്ചിരുന്നു. 2017ൽ 95ാം വയസിലാണ് ഗ്രാൻഡ് ‌ഡാഡ് വിടപറഞ്ഞത്.

ഗവേഷകരുടെ നിഗമനം ശരിയെങ്കിൽ മെത്യൂസല ഗ്രാൻഡ് ‌ഡാഡിന്റെ റെക്കോഡ് ഇതിനോടകം മറികടന്നിരിക്കാം. വംശനാശ ഭീഷണി നേരിടുന്ന സ്പീഷീസുകളാണ് ഓസ്ട്രേലിയൻ ലംഗ്‌ഫിഷുകൾ. മീനുകളുടെയും ഉരഗങ്ങളുടെയും പരിണാമ ബന്ധത്തിലെ കണ്ണിയാണ് ഓസ്ട്രേലിയൻ ലംഗ്‌ഫിഷുകൾ എന്ന് കരുതുന്നു. ജീവിക്കുന്ന ഫോസിലുകളെന്നും ലംഗ്‌ഫിഷുകൾ അറിയപ്പെടുന്നു.

മെത്യൂസല പെൺമത്സ്യമാണെന്നാണ് കരുതുന്നത്. എന്നാൽ ഇത് കൃത്യമായി നിർണയിക്കാൻ സാധിച്ചിട്ടില്ല. വളരെ ശാന്തവും സൗമ്യവുമായ പ്രകൃതമാണ് മെത്യൂസലയ്ക്ക്. ബ്ലാക്ക് ബെറി, മുന്തിരി, ലെറ്റ്യൂസ് തുടങ്ങിയവ മെത്യൂസലയ്ക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്. ബൈബിളിൽ നോഹയുടെ മുത്തച്ഛന്റെ പേരാണ് മെത്യൂസല എന്നത്. അദ്ദേഹം 969 വർഷം ജീവിച്ചിരുന്നതായാണ് പറയുന്നത്.

Advertisement
Advertisement