വിവേകാനന്ദൻ പറഞ്ഞത് മോദി ഓർക്കാനിടയില്ല, വിശക്കുന്നവരുടെ വായിൽ മതം തിരുകുന്നത് പരിഹാസ്യമാണ് അവർക്ക് വേണ്ടത് അപ്പമാണ്, എം.ബി.രാജേഷ് എഴുതുന്നു

Tuesday 16 July 2019 10:36 AM IST

രാജ്യത്ത് പെട്രോളിനും ഡീസലിനുമടക്കം വില വർദ്ധിപ്പിച്ച് ജനജീവിതം ദുസഹമാകുമ്പോൾ തൊഴിലാളികളുടെ ദിവസ വരുമാനമായ മിനിമം കൂലി 178 രൂപയായി നിജപ്പെടുത്തിയുള്ള കേന്ദ്രസർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് എം.ബി.രാജേഷ്. നിസാരരായ മനുഷ്യ ലക്ഷങ്ങളുടെ ഉപജീവനത്തിന്റെ കാര്യത്തിൽ സർക്കാർ പിന്തുടരുന്ന നടപടിയെ ചോദ്യം ചെയ്യുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുൻ എം.പി കൂടിയായ എം.ബി.രാജേഷ്. ഒരു മാസം കേവലം 4628 രൂപ കൊണ്ട് ഒരു തൊഴിലാളി കുടുംബം ജീവിച്ചു കൊള്ളണമെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഇത് രാജ്യത്തെ മിനിമം കൂലി ദിവസം 474 രൂപയാക്കുമെന്ന് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കുറിക്കുന്നു. കോർപ്പറേറ്റു ഭീമൻമാരുടെ ആസ്തിയിൽ വൻ വർദ്ധനവുണ്ടാകുമ്പോഴാണ് തൊഴിലാളികളുടെ ജീവിതം ദുസഹമാക്കുന്നത്. തൊഴിലാളികൾക്ക് പിച്ചക്കാശും തികയാത്തതിന് മുടങ്ങാതെ കോരിയൊഴിക്കുന്ന വർഗീയതയുമാണ് സർക്കാർ നൽകുന്നതെന്നും എം.ബി.രാജേഷ് ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


നിങ്ങൾക്ക് മനുഷ്യനെപ്പോലെ ജീവിക്കാൻ എത്ര വരുമാനം ആവശ്യമാണ്? ദിവസം 178 രൂപ? അല്ലെങ്കിൽ മാസം 4628 രൂപ? ഇതു കൊണ്ടാവുമോ? സത്യാനന്തര കാലത്ത് മനുഷ്യന്റെ വികാരങ്ങളെ മാത്രമാണ് അഭിസംബോധന ചെയ്യുന്നത്.യാഥാർത്ഥ്യങ്ങൾ അതിനടിയിൽ കുഴിച്ചുമൂടുകയാണ് നടപ്പ് രീതി.അങ്ങിനെ കുഴിച്ചുമൂടാൻ പാടില്ലാത്ത ഒരു പൊള്ളുന്ന യാഥാർത്ഥ്യത്തിലേക്ക് ശ്രദ്ധയാകർ ഷിക്കാനാണ് ഈ കുറിപ്പ്. നിസ്സാരരായ മനുഷ്യ ലക്ഷങ്ങളുടെ ഉപജീവനത്തിന്റെ കാര്യമാണത്. ഒരു മാദ്ധ്യമവും ചർച്ച ചെയ്യാൻ ഇടയില്ലാത്തത്ര പാവപ്പെട്ടവരുടെ കാര്യം. രണ്ടാം മോദി സർക്കാർ രാജ്യത്തെ തൊഴിലാളികളുടെ മിനിമം കൂലി 178 രൂപയായി നിജപ്പെടുത്തി ഉത്തരവായിരിക്കുന്നു.അതായത് മാസം 4628 രൂപ കൊണ്ട് ഒരു തൊഴിലാളി കുടുംബം ജീവിച്ചുകൊള്ളണമെന്ന്.ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം രാജ്യത്തെ മിനിമം കൂലി ദിവസം 474 രൂപയായി വർദ്ധിപ്പിക്കുമെന്നായിരുന്നു.ഒന്നാം മോഡി സർക്കാരിന്റെ അഞ്ചു വർഷത്തിനിടയിൽ മിനിമം കൂലി കൂട്ടിയത് 135 ൽ നിന്ന് 176 രൂപയായി.അഞ്ചു വർഷം കൊണ്ട് ആകെ കൂട്ടിയത് 41 രൂപ.രണ്ടാം മോദി ഗവൺമെന്റിപ്പോൾ കൂട്ടിയത് 2 രൂപയും!
ബജറ്റിൽ പെട്രോളിനും ഡീസലിനും ഇതിനേക്കാൾ കുട്ടിയെന്നോർക്കുക. കേന്ദ്ര സർക്കാർ തന്നെ നിയോഗിച്ച കമ്മീഷന്റെ ശുപാർശ മിനിമം കൂലി ദിവസം 447 രൂപയും മിനിമം മാസ വേതനം 11622 രൂപയുമാക്കി കുട്ടണം എന്നാണ്. അതിലേക്കാണ് 2 രൂപയുടെ പിച്ചക്കാശ് മോദി നൽകുന്നത്.അഞ്ചു വർഷം കൊണ്ട് തൊഴിലാളിയുടെ മിനിമം കൂലിയിൽ വർദ്ധന 41 രൂപ മാത്രമെങ്കിലും മുകേഷ് അംബാനിയുടെ ആസ്തിയിൽ 32 ബില്യൺ ഡോളറിന്റെ (ഏകദേശം 1ലക്ഷം കോടി രൂപയുടെ ) വർദ്ധനവുണ്ടായി! അദാനിയുടെ ആസ്തി ഇക്കാലയളവിൽ നാലിരട്ടിയും കൂടി . പുതിയ ബജറ്റിലാണെങ്കിൽ 99.7% കോർപ്പറേറ്റ് കമ്പനികളുടേയും നികുതി നിരക്ക് 30 ൽ നിന്ന് 25 % ആയി കുറച്ചു. ആകെ കോർപ്പറേറ്റ് നികുതിയിളവ് 4.69 ലക്ഷം കോടി! ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രാഥമിക കണക്കനുസരിച്ച് ബി.ജെ.പി ചെലവഴിച്ചത്‌ 27000 കോടി രൂപയെന്ന് സെൻറർ ഫോർ മീഡിയ സ്റ്റഡീസിന്റെ പഠനം. കഴിഞ്ഞ ദിവസം വന്ന ADR റിപ്പോർട്ടനുസരിച്ച് കോർപ്പറേറ്റുകൾ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടുകളിലൂടെ നൽകിയ സംഭാവനകളുടെ 93 ശതമാനവും BJP ക്ക്. തെരഞ്ഞെടുപ്പിൽ ജയിക്കാനും ജയിക്കാത്തിടത്ത് അധികാരം വിലക്കു വാങ്ങാനും വാരിക്കോരി പണം നൽകുന്ന കോർപ്പറേറ്റുകൾക്കുള്ള പ്രത്യുപകാരമത്രേ വെറും രണ്ടു രൂപയിലൊതുക്കിയ മിനിമം കൂലി വർദ്ധനവും ലക്ഷക്കണക്കിന് കോടി രൂപയുടെ കോർപ്പറേറ്റ് നികുതിയിളവുകളും. തൊഴിലാളികൾക്ക് പിച്ചക്കാശും തികയാത്തതിന് അണ്ണാക്കിലേക്ക് മുടങ്ങാതെ കോരിയൊഴിക്കുന്ന വർഗ്ഗീയാസവവും രാജ്യസ്നേഹ ലേഹ്യവും മാത്രം. വിവേകാനന്ദൻ പറഞ്ഞത് മോദി ഓർക്കാനിടയില്ല."വിശക്കുന്ന ആർത്തലക്ഷങ്ങളുടെ വായിൽ മതം തിരുകുന്നത് പരിഹാസ്യമാണ്. അവർക്ക് വേണ്ടത് അപ്പമാണ്. "