മുതിർന്ന സ്ത്രീകളെ വിലക്കി ഷീ ലോഡ്ജ് 'ഷീ' ആയാൽ പോരാ, യുവത്വവും വേണം!

Saturday 30 September 2023 12:14 AM IST

കൊച്ചി: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസം ഒരുക്കുക എന്ന ആശയത്തിൽ നിന്ന് പിറവികൊണ്ട കൊച്ചി കോർപറേഷന്റെ ഷീ ലോഡ്ജിൽ മുതിർന്ന സ്ത്രീകൾക്ക് വിലക്ക്. 60 കഴിഞ്ഞവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ കൈകാര്യം ചെയ്യാൻ പ്രയാസമാണെന്ന കാരണം പറഞ്ഞാണ് പ്രവേശനം നിഷേധിക്കുന്നത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം കോർപ്പറേഷന്റെ സമൃദ്ധി ഹോട്ടലിനോടു ചേർന്നുള്ള ഷീ ലോഡ്‌ജിനു തൊട്ടടുത്ത് മികച്ച ആശുപത്രികളും പൊലീസ് സ്റ്റേഷനുമുണ്ട്. ഇത്രയും സൗകര്യങ്ങളുണ്ടായിട്ടും പ്രായമായവരുടെ ആരോഗ്യപ്രശ്നം ഉന്നയിച്ച് പ്രവേശനം നിഷേധിക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഏതുപ്രായക്കാർക്കും ഉണ്ടാകാമെന്നും മുതിർന്നവർക്ക് പ്രവേശനം നിഷേധിക്കുന്നത് അനീതിയാണെന്നും ആക്ഷേപമുയരുന്നു.

മുൻകൂർ അറിയിച്ചാൽ രാത്രിയിൽ ഏതുസമയത്തും വരാനും പോകാനും കഴിയുമെന്നതാണ് ഷീ ലോഡ്ജിന്റെ സവിശേഷത. സമൃദ്ധി ഹോട്ടലിൽ നിന്ന് കുറഞ്ഞ നിരക്കിൽ മൂന്നുനേരവും ഭക്ഷണവും കഴിക്കാം.

ഷീ ലോഡ്ജ്

മൂന്നു നിലകളിലായി 106 മുറികളുണ്ട്.25 ഡോർമിറ്ററി കിടക്കകളും. ഡോർമിറ്ററി – 100 രൂപ, സിംഗിൾ റൂം – 200, ഡബിൾ റൂം – 350 എന്നിങ്ങനെയാണ് നിരക്ക്. ഒരാൾക്ക് മൂന്നു ദിവസം വരെ താമസിക്കാം.

മുൻഗണന ചെറുപ്പക്കാർക്ക്

അഭിമുഖങ്ങൾക്കും പരീക്ഷകൾക്കും മറ്റുമായി കൊച്ചിയിലെത്തുന്നവരാണ് ഷീ ലോഡ്ജ് കൂടുതലും പ്രയോജനപ്പെടുത്തുന്നത്. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് മുതിർന്നവരെ ഒഴിവാക്കുന്നത്.

-ഷീബാലാൽ

ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ

തീരുമാനം പുനഃപരിശോധിക്കണം

ഇക്കാലത്ത് ധാരാളം സ്ത്രീകൾ യാത്രകൾക്ക് തയാറാകുന്നുണ്ട്. ആരോഗ്യപരമായ നിസാരകാരണങ്ങൾ പറഞ്ഞ് സ്ത്രീകൾക്കായി തുടക്കമിട്ട പൊതുസംവിധാനത്തിൽ നിന്ന് മുതിർന്നവരെ മാറ്റിനിറുത്താനുള്ള തീരുമാനം പുനഃപരിശോധിക്കണം.

സിൽസില കാലടി

സ്ത്രീകൾക്ക് വേണ്ടിയുള്ള യാത്രാഗ്രൂപ്പായ പറവയുടെ സാരഥി

60 കഴിഞ്ഞവർ രോഗികളല്ല

കുടുംബബാദ്ധ്യതകൾ ഒഴിഞ്ഞ് സ്ത്രീകൾ സ്വതന്ത്രരാകുന്നത് 60 വയസിനു ശേഷമാണ്. അതിനുശേഷമാണ് പലരും യാത്രകൾക്ക് തയാറാകുന്നത്. മുതിർന്ന സ്ത്രീകളെല്ലാം രോഗികളാണെന്ന ധാരണ തെറ്റാണ്. ഷീ ലോഡ്ജിലെ വിവേചനം അംഗീകരിക്കാനാവില്ല.

-തനൂജ ഭട്ടതിരി

എഴുത്തുകാരി