തെലങ്കാനയിൽ കിറ്റെക്സിന് ലോകത്തെ ഏറ്റവും നീളംകൂടിയ ഫാക്ടറി
കൊച്ചി: ലോകത്തിലെ ഏറ്റവും നീളം കൂടിയ വസ്ത്രനിർമ്മാണ ഫാക്ടറിക്ക് തെലങ്കാനയിൽ കിറ്റെക്‌സ് തറക്കല്ലിട്ടു. രംഗറെഢി ജില്ലയിലെ സീതാരാംപൂരിൽ 1.2 കിലോമീറ്റർ വീതം നീളമുള്ള മൂന്നു ഫാക്ടറികൾക്ക് ആകെ 3.6 കിലോമീറ്റർ നീളമുണ്ട്. തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു ശിലാസ്ഥാപനം നിർവഹിച്ചു. 250 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്ത് ഫാക്ടറി ഉൾപ്പെടെ 4.5 ദശലക്ഷം ചതുരശ്രഅടി വിസ്തീർണത്തിൽ കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബ് പറഞ്ഞു. 2024 സെപ്തംബറിൽ നിർമ്മാണം പൂർത്തിയാകും. 3000 കോടി രൂപയാണ് നിക്ഷേപം.
വാറങ്കലിലെ കാക്കാത്തിയ ടെക്സ്റ്റയിൽ പാർക്കിൽ കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ച കിറ്റെക്‌സിന്റെ ആദ്യഘട്ട ഫാക്ടറി അടുത്ത ഡിസംബറിൽ പൂർണസജ്ജമാകും. രണ്ടിടത്തെയും ഫാക്ടറികളിൽ അരലക്ഷം തൊഴിലവസരങ്ങളിൽ 80 ശതമാനവും സ്ത്രീകൾക്കായിരിക്കും.
ശിലാസ്ഥാപന ചടങ്ങിൽ മൈൻസ് ആൻഡ് ജിയോളജി വകുപ്പ് മന്ത്രി മഹീന്ദർ റെഢി, രഞ്ജിത് റെഢി എം.പി., യാദയ്യ എം.എൽ.എ., പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ, വാണിജ്യ വ്യവസായ വകുപ്പ് ഡയറക്ടർ കൃഷ്ണപ്രഭാകർ, ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ എം.ഡിയും വൈസ് ചെയർമാനുമായ ഇ.വി. നരസിംഹ റെഢി, ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റയിൽസ് വകുപ്പ് ഡയറക്ടർ അളഗുവർഷിണി, ജില്ലാ കളക്ടർ ഡോ. എസ്. ഹാരിഷ് തുടങ്ങിയവർ പങ്കെടുത്തു.