സാജന്റെ മരണം കുടുംബപ്രശ്നമാക്കി ഒതുക്കാനുള്ള നീക്കം തിരിച്ചടിയായി, പ്രതിരോധം പാളി കണ്ണൂരിൽ പാർട്ടി പ്രതിസന്ധിയിൽ
കണ്ണൂർ : ആന്തൂരിൽ പാർത്ഥ കൺവെൻഷൻ സെന്റർ ഉടമ സാജന്റെ ആത്മഹത്യയെ കുറിച്ചുള്ള അന്വേഷണം തുടരവേ കണ്ണൂരിൽ വ്യക്തമായ നിലപാടെടുക്കാതെ പാർട്ടി പ്രതിസന്ധിയിൽ. സാജന്റെ ആത്മഹത്യയ്ക്ക് പിന്നിൽ നഗര സഭയുടെ മെല്ലെപ്പോക്ക് നയമല്ല കുടുംബപ്രശ്നമാണെന്ന രീതിയിൽ പാർട്ടി പത്രത്തിൽ വാർത്ത വന്നിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ചതെന്ന തരത്തിലാണ് വാർത്ത വന്നിരുന്നത്. പത്രത്തിൽ വാർത്ത വന്നതിന് തൊട്ടുപിന്നാലെ സാജന്റെ കുടുംബത്തെ ആക്ഷേപിച്ചു കൊണ്ടും ആന്തൂർ സംഭവം തുടക്കം മുതൽ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെ വിമർശിച്ചും സമൂഹമാദ്ധ്യമങ്ങളിലടക്കം പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പാർട്ടി നിലപാടിനെ പരസ്യമായി തള്ളി കളഞ്ഞ് സാജന്റെ ഭാര്യ കുടുംബാംഗങ്ങൾക്കൊപ്പം മാദ്ധ്യമങ്ങളെ കണ്ടിരുന്നു. പൊലീസ് അന്വേഷണം ശരിയായ രീതിയിലല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട കുടുംബ പ്രശ്നമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുവാൻ പാർട്ടി മുന്നിട്ടിറങ്ങിയാൽ സാജന്റെ വഴിയെ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അഭിപ്രായപ്പെട്ടിരുന്നു.
സാമൂഹ്യമാധ്യമങ്ങളിലൂടെ സാജന്റെ കുടുംബത്തിനെതിരെ നടക്കുന്ന പ്രചരണത്തിലും, അതിന് ചുക്കാൻ പിടിക്കാനെന്ന വണ്ണം പാർട്ടി പത്രത്തിൽ വന്ന റിപ്പോർട്ടിലും പാർട്ടിയിലെ ഒരു വിഭാഗത്തിന് അമർഷമുണ്ട്. കേസിൽ അന്വേഷണ നിഗമനം ഏത് രീതിയിലായാലും അത് സാമൂഹ്യമാധ്യമങ്ങളിൽ കൂടിയല്ല കോടതി തീരുമാനമായി പുറത്തുവരുന്നതാണ് ശരിയെന്ന വിലയിരുത്തലാണ് ഇവർ നടത്തുന്നത്. അല്ലാതെ പാർട്ടി പ്രവർത്തകർ നടത്തുന്ന പ്രചാരണം തിരിച്ചടിയാകുമെന്ന അഭിപ്രായമാണ് അവർ പങ്കുവയ്ക്കുന്നത്. ഇക്കാര്യത്തിലും പാർട്ടിയിൽ രണ്ടഭിപ്രായം നിലനിൽക്കുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതേസമയം കുടുംബത്തിനെതിരായ പ്രചാരണവും ആയുധമാക്കാൻ മറ്റു രാഷ്ട്രീയ കക്ഷികളും ഒരുങ്ങുകയാണ്. ഇക്കാര്യത്തിലും സമരവുമായി മുന്നോട്ടുപോകാനാണ് കോൺഗ്രസ് നീക്കം ആരംഭിച്ചിട്ടുണ്ട്.