മുട്ടിൽ മരംമുറി കേസ്; കർഷകർക്ക് നോട്ടീസ് നൽകിയതിനെതിരെ സമരത്തിനൊരുങ്ങി സിപിഎം

Saturday 30 September 2023 8:12 AM IST

കൽപ്പറ്റ: മുട്ടില്‍ മരംമുറിക്കേസില്‍ ആദിവാസികളുള്‍പ്പെടെയുള്ള കര്‍ഷകര്‍ക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സമരത്തിലേക്ക്. കേസിലെ മുഖ്യപ്രതികളായ അഗസ്റ്റിനെയും സഹോദരങ്ങളെയും രക്ഷിക്കാനാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞു.

'റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും ജോസ്‌കുട്ടി അഗസ്റ്റിനുമാണ് കുറ്റം ചെയ്തവര്‍. കര്‍ഷകര്‍ കുറ്റക്കാരല്ലെന്ന് കണ്ടാണ് പ്രത്യേക അന്വേഷണസംഘം അവരെ ഒഴിവാക്കിയത്. കര്‍ഷകരെ കബളിപ്പിച്ചതിന് റോജിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തതാണ്. അതുകൊണ്ട് കര്‍ഷകര്‍ക്ക് നല്‍കിയ മുഴുവന്‍ നോട്ടീസും പിന്‍വലിക്കണം. ഈ ആവശ്യമുന്നയിച്ച് മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസ് സിപിഎം ഉപരോധിക്കും. കര്‍ഷകര്‍ക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.' - സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

അതേസമയം, കെഎല്‍സി നയപ്രകാരം കര്‍ഷകരും മരംവാങ്ങിയവരും ഒരുപോലെ ഉത്തരവാദികളാണ്. അതുകൊണ്ട് കര്‍ഷകര്‍ക്ക് നോട്ടീസ് അയക്കുക എന്നത് സ്വാഭാവിക നടപടിക്രമമാണ്. അത് ചെയ്യാതിരിക്കാന്‍ കഴിയില്ലെന്ന് റവന്യൂ അധികൃതര്‍ പറയുന്നു. റോജി അഗസ്റ്റിന്‍ കബളിപ്പിച്ച ഏഴുപേരെ ഒഴിവാക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കണമെന്നും റവന്യൂ അധികൃതര്‍ വ്യക്തമാക്കി. ഏഴുകോടി രൂപ പിഴനല്‍കണമെന്നാവശ്യപ്പെട്ട് 35 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇതില്‍ മരംമുറിക്കേസിന്റെ സൂത്രധാരനായ റോജി അഗസ്റ്റിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. 27 കേസുകളില്‍ വനംവകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കും.