കോഴിക്കോട് സൗത്ത് ബീച്ചിൽ അടിഞ്ഞത് കൂറ്റൻ നീലത്തിമിംഗലം; തടിച്ചുകൂടി നാട്ടുകാർ
Saturday 30 September 2023 4:43 PM IST
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം നീലത്തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. അഴുകിയ നിലയിലാണ് ജഡം കരയ്ക്കടിഞ്ഞത്. പതിനഞ്ച് അടിയോളം നീളമുണ്ട്. മത്സ്യത്തൊഴിലാളികളാണ് കടലിൽ ഒഴുകി നടക്കുന്ന നിലയിൽ നീലത്തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. ശക്തമായ തിരയിൽ പിന്നീട് കരയ്ക്കടിയുകയായിരുന്നു. കരയ്ക്കടിഞ്ഞ നീലത്തിമിംഗലത്തെ കാണാൻ നിരവധി നാട്ടുകാർ സ്ഥലത്തെത്തുന്നുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ എട്ടരയോടെയാണ് നീലത്തിമിംഗലത്തിന്റെ ജഡം കണ്ടതെന്ന് ലെെഫ് ഗാർഡ് പറഞ്ഞു. വെള്ളത്തിൽ പൊങ്ങിക്കിടന്ന ജഡം പിന്നീട് കരയ്ക്കടിയുകയായിരുന്നു. കപ്പൽ തട്ടിയോ അസുഖം ബാധിച്ചോ ആയിരിക്കാം തിമിംഗലം ചത്തതെന്ന് ലെെഫ് ഗാർഡ് പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം ജഡം മറവ് ചെയ്യും.