അച്ഛനും അമ്മയും തർക്കം, കുഞ്ഞിന് പേരിടാനും ഹൈക്കോടതി
കൊച്ചി: വേർപിരിഞ്ഞു കഴിയുന്ന മാതാപിതാക്കൾ തമ്മിൽ മകൾക്കു പേരിടുന്നതിനെ ചൊല്ലി തർക്കം. ഒടുവിൽ ഹൈക്കോടതി നാലു വയസുകാരിക്കു പേരിട്ടു. അമ്മയുടെയും അച്ഛന്റെയും തർക്കം വർഷങ്ങൾ നീളുമെന്നും അതുവരെ കുഞ്ഞിനു പേരില്ലാതിരിക്കുന്നത് നല്ലതല്ലെന്നും വിലയിരുത്തി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹൈക്കോടതിയുടെ സവിശേഷ അധികാരം വിനിയോഗിച്ച് കുഞ്ഞിനു പേരിട്ടത്. (കുട്ടിയുടെ സ്വകാര്യത മാനിച്ച് പേര് വാർത്തയിൽ വെളിപ്പെടുത്തുന്നില്ല.)
കുട്ടിക്ക് പേരിടാൻ അനുവദിക്കണമെന്ന അമ്മയുടെ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ജനനസർട്ടിഫിക്കറ്റിൽ കുട്ടിയുടെ പേരു നൽകിയിരുന്നില്ല. പഠനം തുടങ്ങാൻ ജനനസർട്ടിഫിക്കറ്റിൽ കുട്ടിയുടെ പേരു വേണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതോടെ ഹർജിക്കാരി കുട്ടിയുമായി തദ്ദേശ ഭരണ വകുപ്പിലെ ജനന മരണ രജിസ്ട്രാർ മുമ്പാകെ ഹാജരായി പേരു നിർദ്ദേശിച്ചു. കുട്ടിയുടെ പിതാവും വരണമെന്ന് രജിസ്ട്രാർ ആവശ്യപ്പെട്ടു. പിതാവു മറ്റൊരു പേര് നിർദ്ദേശിച്ചതിനാൽ ജനന സർട്ടിഫിക്കറ്റിൽ ചേർക്കാൻ കഴിഞ്ഞില്ല. ഹർജിക്കാരി കുടുംബക്കോടതിയെ സമീപിച്ചെങ്കിലും നഗരസഭാ സെക്രട്ടറിയെ സമീപിക്കാൻ നിർദ്ദേശിച്ചു ഹർജി തീർപ്പാക്കി. നഗരസഭാ സെക്രട്ടറിക്കും പ്രശ്നം പരിഹരിക്കാനായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളെപ്പോലെ ഹൈക്കോടതിക്കും അധികാരം നൽകുന്ന പേരന്റ്സ് പാട്രിയ എന്ന സവിശേഷ അധികാരം വിനിയോഗിച്ചാണ് സിംഗിൾബെഞ്ച് പ്രശ്നം തീർപ്പാക്കിയത്. കുഞ്ഞിനു പേര് വേണമെന്ന കാര്യത്തിൽ ഹർജിക്കാരിക്കും കുട്ടിയുടെ പിതാവിനും തർക്കമില്ലെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പേരന്റ്സ് പാട്രിയ അധികാരം വിനിയോഗിക്കുമ്പോൾ കുട്ടിയുടെ അവകാശത്തിനാണ് മുൻഗണനയെന്ന് അഭിപ്രായപ്പെട്ടു. പേരു നിശ്ചയിക്കുമ്പോൾ കുട്ടിയുടെ ക്ഷേമം, സാംസ്കാരിക പരിഗണനകൾ, മാതാപിതാക്കളുടെ താത്പര്യങ്ങൾ, സാമൂഹ്യമായി നിലനിൽക്കുന്ന നിയമങ്ങൾ തുടങ്ങിയവയൊക്കെ പരിഗണിക്കേണ്ടതുണ്ട്. തർക്കം തീർക്കാൻ അമ്മ നിർദ്ദേശിച്ച പേരിനൊപ്പം അച്ഛന്റെ പേരു കൂടി ചേർത്താണ് പേരിട്ടത്. ഹർജിക്കാരിക്ക് ഈ പേരു രേഖപ്പെടുത്തി തദ്ദേശ ഭരണ സ്ഥാപനത്തിലെ രജിസ്ട്രാർക്ക് അപേക്ഷ നൽകാമെന്നും മാതാപിതാക്കളുടെ അനുമതി നോക്കാതെ രജിസ്ട്രാർ ഇതു ചേർത്ത് ജനന സർട്ടിഫിക്കറ്റ് നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.