അമിത വില അടക്കം നിരവധി പരാതികൾ; ബെവ്കോ ഔട്ട്‌ലെറ്റുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്
Saturday 30 September 2023 10:46 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട്‌ലെറ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അമിത വില ഈടാക്കുന്നു എന്നതടക്കമുള്ള പരാതികൾ അധികരിച്ചതോടെയാണ് മിഷൻ മൂൺലൈറ്റ് എന്ന പേരിൽ സംസ്ഥാനത്താകെയുള്ള 78 ബെവ്കോ ഔട്ട്ലെറ്റുകളിൽ പരിശോധന സംഘടിപ്പിച്ചത്.
യഥാർത്ഥ വിലയേക്കാൾ കൂടിയ നിരക്കിൽ മദ്യം വിൽപ്പന നടത്തുന്നു. വില കുറഞ്ഞ മദ്യം സ്റ്റോക്ക് ഉണ്ടെങ്കിലും അക്കാര്യം മറച്ചുവച്ച് കൂടിയ വിലയുള്ള ബ്രാൻഡുകളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി ബെവ്കോ ഉദ്യോഗസ്ഥർ ചില മദ്യകമ്പനികളുടെ ഏജന്റുമാരിൽ നിന്ന് കമ്മീഷൻ കൈപ്പറ്റുന്നു. ഡാമേജ് വരാത്ത മദ്യം ഡാമേജ് വന്നതായി കണക്കിൽ കാണിച്ച് ബിൽ നൽകാതെ വിൽപ്പന നടത്തി ഉദ്യോഗസ്ഥർ പണം വീതിച്ചെടുക്കുന്നു. എന്നിങ്ങനെ വിവിധ ഔട്ട്‌ലെറ്റുകൾക്കെതിരെ പരാതി വ്യാപകമായിരുന്നു. പിന്നാലെയാണ് വിജിലൻസ് പ്രത്യേക ഓപ്പറേഷനുമായി രംഗത്തെത്തിയത്.