റേഷൻകടകളിൽ ക്യു.ആർ കോഡിലൂടെ പണം നൽകാം

Sunday 01 October 2023 12:38 AM IST

കൊച്ചി: മുറുക്കാൻ കടകളിൽ വരെ വ്യാപകമായ ഡിജിറ്റൽ പണമിടപാട് വൈകിയാണെങ്കിലും റേഷൻ കടകളിലും എത്തുന്നു. സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളിലും ഒരു മാസത്തിനകം സജ്ജമാക്കും. സ്മാർട്ട് ഫോണിൽ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണം നൽകാം. 40 ശതമാനത്തോളം വ്യാപാരികൾ നിലവിൽ സ്വന്തംനിലയിൽ ഈ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഇവരെക്കൂടി ഒരേ ശൃംഖലയിൽ ഉൾക്കൊള്ളിച്ചുള്ളതാകും പദ്ധതി. ഇതിനായി ഒരു ബാങ്കിനെ ചുമതലപ്പെടുത്തും. ബാങ്കുകളുമായി ചർച്ച അവസാനഘട്ടത്തിലാണ്. മികച്ച വ്യവസ്ഥകൾ അംഗീകരിക്കുന്ന ബാങ്കിനെ തിരഞ്ഞെടുക്കും. ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണം നൽകുമ്പോൾ അതത് വ്യാപാരികളുടെ അക്കൗണ്ടിൽ ക്രെഡിറ്റാകും. നിലവിലുള്ളതുപോലെ പണം നൽകിയും വാങ്ങാം.

റേഷൻകടകളുടെ പ്രവർത്തനം പൂ‌ർണ്ണമായും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യവകുപ്പിന്റെ പദ്ധതി. റേഷൻ ഇടപാടുകൾ ഇ പോസ് മെഷീൻ വഴി ഓൺലൈനാക്കിയെങ്കിലും പണമിടപാട് ഡിജിറ്റലാക്കിയിരുന്നില്ല. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ക്യു.ആർ കോഡ് സംവിധാനമുണ്ട്.

റേഷൻ കടകൾ

14,148

കാർഡുകൾ

93,93,277