ഉദ്യോഗസ്ഥരുടെ 'പ്രവർത്തന മികവ്' വിലയിരുത്തുന്നത് 'പെറ്റി പിരിവ്' അടിക്കുന്നതിന്റെ എണ്ണങ്ങൾക്കനുസരിച്ച്; അമർഷത്തിൽ എംവിഡി ഉദ്യോഗസ്ഥർ

Sunday 01 October 2023 10:06 AM IST

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ എ എം വി ഐമാരുടെ സ്ഥലം മാ​റ്റവുമായി ബന്ധപ്പെട്ട പ്രവർത്തന മികവിൽ 'പെ​റ്റി പിരിവ്' മാനദണ്ഡമാക്കിയതിനെക്കുറിച്ച് വിവാദം. 205 അസിസ്​റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ സ്ഥലം മാ​റ്റം ട്രിബ്യൂണൽ നിർത്തിവച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട പരാതികളാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ മുന്നിലെത്തുന്നത്.

കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ടുമെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും, അസി. മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടേഴ്സ് അസോസിയേഷനുമാണ് പരാതിയുമായി രംഗത്തുള്ളത്. എൻഫോഴ്സ്‌മെന്റ് വിഭാഗത്തിൽ മൂന്ന് വർഷം വിജയകരമായി പൂർത്തിയാക്കിയ എ എം വി ഐ ഉദ്യോഗസ്ഥരെ ആർ ടി ഒ, എസ് ആർ ടി ഒ ഓഫീസുകളിലേക്ക് മാ​റ്റണമെന്ന നിർദ്ദേശം മുഴുവനായും അട്ടിമറിക്കപ്പെട്ടുവെന്നാണ് പരാതിയുടെ അടിസ്ഥാനം. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പ്രതിമാസം നടത്തേണ്ട പരിശോധനകളുടെ എണ്ണം. കേസുകൾ. പിഴയായി പിരിച്ചെടുക്കേണ്ട തുക എന്നിവയുടെ ടാർഗ​റ്റ് നിശ്ചയിച്ചുക്കൊണ്ടാണ് 2019 നവംബറിൽ ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കിയിരുന്നത്.

സർക്കുലർ അനുസരിച്ച് പണം പിരിച്ചെടുക്കാതിരുന്നവർക്ക് പ്രവർത്തന മികവ് കുറവാണെന്ന് വിലയിരുത്തി സ്ഥലം മാ​റ്റം നൽകാതെ അവഗണിച്ചെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എൻഫോഴ്സ്‌മെന്റിൽ അഞ്ച് വർഷം പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കുപോലും സ്ഥാപനങ്ങളിൽ നിയമനം നൽകാതെ വെറും രണ്ടര വർഷം മാത്രം സർവ്വീസുളളവർക്ക് നിയമനം നൽകിയിട്ടുണ്ട്. ഓഫീസുകളിലെ സീനിയർ ഉദ്യോഗസ്ഥരെ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിലേക്ക് മാറ്റി. അർഹരായ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം നിഷേധിച്ചതെന്നാണ് സംഘടനകളുടെ ആരോപണം.

സർവ്വീസിൽ നിന്നും വിരമിക്കാൻ മൂന്ന് വർഷം മാത്രം അവശേഷിക്കുന്ന ഉദ്യോഗസ്ഥരെ പോലും എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിലേക്ക് മാ​റ്റിയതും വലിയ പരാതിക്ക് കാരണമായിരുന്നു. നിലവിലുളള കേരള സർവ്വീസ് ചട്ടത്തിലെ വ്യവസ്ഥകൾ മറികടന്ന് സ്വന്തക്കാരെ സൗകര്യമുളളയിടങ്ങളിൽ കൊണ്ടുവരുന്നതിന് പ്രവർത്തന മികവ് പരിശോധിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം. അതുപോലെ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ നടത്തിയ ഗതാഗത ബോധവത്കരണം പോലെയുളള പ്രവർത്തനങ്ങൾ പരിഗണിക്കാതെ പെ​റ്റി പിരിവ് മാത്രം മാനദണ്ഡമാക്കിയതിനെതിരെയും ഉദ്യോഗസ്ഥർ പ്രതിഷേധിക്കുകയാണ്.