കായംകുളം പദ്ധതി നിലനിറുത്താൻ സർക്കാർ ഇടപെടണം: രമേശ് ചെന്നിത്തല
ഇടപ്പള്ളി: കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന നിലവിലെ സാഹചര്യത്തിൽ കായംകുളം പ്രകൃതിവാതക പദ്ധതിയെപ്പറ്റി സംസ്ഥാന സർക്കാർ ഗൗരവമായി ചിന്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കായംകുളം താപ വൈദ്യുതനിലയം പൂട്ടിയ അവസ്ഥയിലാണ്. നാഫ്തയിൽ നിന്ന് ഇന്ധനം പ്രകൃതി വാതകത്തിലേക്ക് മാറ്റി നിലയം പുനരുജ്ജീവിപ്പിക്കുന്ന കാര്യം സർക്കാർ അടിയന്തിരമായി തീരുമാനിക്കണം.
കോൺഗ്രസ് ഭരിച്ചപ്പോൾ ഇതിനു വേണ്ടി നീക്കങ്ങൾ നടത്തിയിരുന്നു. നിലയത്തിൽ വേണ്ട പരിഷ്കാരങ്ങളും നടത്തി. കൊച്ചിയിൽ നിന്ന് കടലിനടിയിലൂടെ പൈപ്പിടുന്നതിനെതിരായ പ്രതിഷേധങ്ങളാണ് തടസമായത്. കായംകുളം താപനിലയം 1,310 കോടി രൂപ ചിെലവാക്കിയാണ് പ്രവർത്തനം ആരംഭിച്ചത്. കായംകുളത്ത് നിന്ന് വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും പ്രതിവർഷം കേരള സർക്കാർ 240 കോടി രൂപയോളം എൻ.ടി.പി.സിക്കു നൽകണം. കായംകുളം നിലയം നിലനിറുത്തേണ്ടത് കേരളത്തിന്റെ ബാദ്ധ്യതയാണെന്നും ചെന്നിത്തല പറഞ്ഞു.