നഴ്സ്  അഖില ഡ്യൂട്ടിയിലാണ്, സ്വന്തം ബസ്  ഡ്രൈവറായി...

Monday 02 October 2023 12:06 AM IST

കണ്ണൂർ: തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ സിറിഞ്ചും മരുന്നുമായി രോഗികളെ പരിചരിച്ചിരുന്ന നഴ്സിന്റെ കൈകളിൽ ഇപ്പോൾ ബസിന്റെവളയം. സ്വന്തമായി വാങ്ങിയ ബസ് ഓടിക്കാൻ നഴ്സിന്റെ ജോലി ഉപേക്ഷിച്ചിരിക്കുകയാണ് മുപ്പത്തിരണ്ടുകാരിയായ അഖില. ആലക്കോട്-തളിപ്പറമ്പ് -കണ്ണൂർ റൂട്ടിലോടുന്ന വോയേജർ ബസിന്റെ ഡ്രൈവർ സീറ്റിൽ രാവിലെ ആറു മണിമുതൽ അഖില ഉണ്ടാവും. ജോലിചെയ്ത ആശുപത്രിക്ക് മുന്നിലൂടെയാണ് സർവീസ്. യാത്രക്കാരായി കയറുന്നവരിൽ അഖില പരിചരിച്ച രോഗികളും ഉണ്ടാവും. അത്ഭുതത്തോടെയാണ് അവരുടെ നോട്ടം.

കുട്ടിക്കാലത്തേ നഴ്സിംഗിനോട് ഇഷ്ടം തോന്നിയിരുന്നു. ബംഗളുരുവിൽ നിന്ന് പോസ്റ്റ് ബി.എസ്.സി. നഴ്സിംഗ് ബിരുദം നേടിയശേഷമാണ് തളിപ്പറമ്പ് ആശുപത്രിയിൽ നഴ്സായത്. ഒരു വർഷം ജോലി ചെയ്തു. ആറുമാസം മുൻപാണ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവ് കാർത്തികപുരം ഒരപ്പുഴിക്കൽ സൗബിനും അഖിലയും ചേർന്ന് പുതിയ ബസ് വാങ്ങിയത്. ഡ്രൈവർ ആകണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ, ഭർത്താവിന് പൂർണ സമ്മതം. ലൈറ്റ് വെഹിക്കിൾ ലൈസൻസ് നേരത്തേ ഉണ്ടായിരുന്നു.അതിനാൽ ഹൈവി ലൈസൻസ് ഉടനെ നേടാനായി.

ആലക്കോട് മൂരിക്കടവ് -മണക്കടവ് റോഡ് വഴി തളിപ്പറമ്പിലേക്കും തിരിച്ച് ആലക്കോടേക്കുമായി 160 കിലോമീറ്ററാണ് അഖില ഓടിക്കുന്നത്. തളിപ്പറമ്പിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും മറ്റൊരു ഡ്രൈവറാണ് സർവീസ് നടത്തുന്നത്. വൈകാതെ അഖില കണ്ണൂരിലേക്കും ബസോടിച്ചു തുടങ്ങും.രാവിലെ ആറിനാണ് ആദ്യട്രിപ്പ്. വൈകുന്നേരം 6. 30ഓടെ ട്രിപ്പ് അവസാനിപ്പിക്കും.ഇവാന മരിയ, ഐവാൻ ജോ,ഏദൻ ജോ എന്നിവരാണ് മക്കൾ.