സ്വർണം എറിഞ്ഞിട്ട് ഇന്ത്യൻ വനിതകൾ; ജാവലിൻ ത്രോയിൽ അനു റാണിയ്ക്ക് സ്വർണനേട്ടം, ചരിത്രം കുറിച്ച് 5000 മീറ്ററിൽ പാറുൾ ചൗധരി

Tuesday 03 October 2023 7:31 PM IST

ഹാംഗ്‌ചൗ: ഏഷ്യൻ ഗെയിംസിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ. 5000 മീറ്ററിൽ പാറുൾ ചൗധരിയും ജാവലിൻ ത്രോയിൽ അനു റാണിയുമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത്. മലയാളി താരമായ മുഹമ്മദ് അഫ്‌സലിന് 800 മീറ്ററിൽ വെള്ളിയും നേടാനായി. പത്താം ദിവസമായ ഇന്ന് ഇന്ത്യയുടെ സ്വർണനേട്ടം 15 ആയി.

15 മിനിട്ട് 14 സെക്കന്റ് കൊണ്ടാണ് പാറുൾ ചരിത്ര നേട്ടം ഇന്ത്യയ്‌ക്കായി സ്വന്തമാക്കിയത്. 5000 മീറ്ററിൽ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടം വെള്ളി മെഡലായിരുന്നു. 1998ലും 2010ലുമായിരുന്നു ഇത്. സുനിതാ റാണിയും മലയാളി താരം പ്രീജ ശ്രീധരനുമാണ് ഈ നേട്ടങ്ങൾ കൊയ്‌തത്. തുടക്കത്തിൽ വളരെ പിന്നിൽ ആറാം സ്ഥാനത്തായിരുന്ന പാറുൾ പിന്നീട് അതിവേഗം മുന്നിലെത്തി രണ്ടാം സ്ഥാനത്തെത്തുകയും അവസാന ലാപ്പിൽ ജപ്പാന്റെ താരത്തെ നേരിയ വ്യത്യാസത്തിൽ മറികടന്നതോടെയാണ് സ്വർണനേട്ടം കൈവരിച്ചത്.

അതേസമയം 800 മീറ്ററിൽ ഒരു മിനിട്ട് 48.43 സെക്കന്റുകൊണ്ട് ഓടി മലയാളി താരം മുഹമ്മദ് അഫ്‌സൽ വെള്ളി മെഡൽ നേടി. കബഡിയിൽ ബംഗ്ളാദേശിനെ 55-18ന് തകർത്താണ് ഇന്ത്യ ഇന്നത്തെ നേട്ടങ്ങൾ തുടങ്ങിയത്. നിലവിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യ ഇതുവരെ 15 സ്വർണം 24 വെള്ളി 26 വെങ്കലം എന്നിവയടക്കം 65 മെഡലുകൾ നേടി.