നാളെ മുതൽ മഴ ശക്തമാകും; നാല് ജില്ലകളിൽ റെഡ് അലർട്ട്

Tuesday 16 July 2019 11:36 PM IST

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ജില്ലകളിൽ ഒാറഞ്ച് അലർട്ടും നാല് ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട്. 18 മുതൽ 20 വരെ മൂന്ന് ദിവസങ്ങളിലാണ് അലർട്ടുള്ളത്. കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഒാറഞ്ച് അലർട്ട്.

ബീഹാറിനടുത്ത് രൂപം കൊണ്ട ചെറിയ ന്യൂനമർദ്ദം തെക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങാൻ സാദ്ധ്യതയുള്ളതിനാലാണ്

കേരളത്തിൽ മഴ കനക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ ലഭിക്കും. കാലവർഷത്തിന്റെ ആദ്യപകുതിയിൽ പ്രതീക്ഷിച്ചതിന്റെ പകുതി പോലും മഴ ലഭിക്കാതിരുന്നതിനാൽ സംസ്ഥാനം കടുത്ത വൈദ്യുതിക്ഷാമത്തിലേക്കാണ് പോകുന്നത്. മൺസൂണിന്റെ രണ്ടാം പകുതിയിലെങ്കിലും മഴയുടെ തോത് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

അടുത്ത രണ്ടുദിവസം കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാനും സാദ്ധ്യതയുണ്ട്.