കേരളീയത്തെ പിന്തുണച്ച് ലാൽ; അഭിവാദ്യം ചെയ്ത് പിണറായി
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിക്ക് ആശംസയുമായി നടൻ മോഹൻലാൽ. പിന്തുണയ്ക്ക് പ്രിയനടന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ.
മലയാളിയെന്ന നിലയിൽ രണ്ട് കാര്യങ്ങളിലാണ് അഭിമാനം തോന്നിയിട്ടുള്ളതെന്ന് കേരളീയത്തിന് ആശംസ അർപ്പിച്ചുള്ള വീഡിയോയിൽ മോഹൻലാൽ പറയുന്നു. 'ലോകത്ത് എവിടെച്ചെന്നാലും കേരളത്തെ അറിയുക വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും പേരിലാണ്. ലോകത്തെവിടെയും നിർണായക സ്ഥാനങ്ങളിൽ മലയാളികളുണ്ടാകും. ഞാൻ പ്രവർത്തിക്കുന്നത് മലയാള സിനിമയിലാണെന്നതിൽ അഭിമാനമുണ്ട്. മറ്റ് ഭാഷാസിനിമക്കാർ ഉറ്റുനോക്കുന്നത് നമ്മളെയാണ്. എക്കാലത്തെയും മികച്ച എഴുത്തുകാരെയും സംവിധായകരെയും അഭിനേതാക്കളെയും സാങ്കേതിക വിദഗ്ദ്ധരെയും കേരളം സമ്മാനിച്ചിട്ടുണ്ട്. മലയാളിയായതിൽ അഭിമാനിക്കുന്നു, കേരളത്തിൽ ജനിച്ചതിലും. സർക്കാരിന്റെ കേരളീയത്തിന് എല്ലാവിധ ആശംസകളും'.
ഇതിനുള്ള മറുപടിയായിട്ടാണ് പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്രിൽ മോഹൻലാലിന് അഭിവാദ്യം രേഖപ്പെടുത്തിയത്.
' തിരുവനന്തപുരത്ത് നവംബർ ഒന്നു മുതൽ ഒരാഴ്ച നീളുന്ന ആഘോഷ, പൊതുപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഒരു സമൂഹമെന്ന നിലയിൽ നാമാർജിച്ച നേട്ടങ്ങളെ ലോകത്തിന് മുന്നിലവതരിപ്പിക്കാനും സമൃദ്ധി നിറഞ്ഞ നവകേരളമെന്ന ലക്ഷ്യത്തിലേക്കുള്ള പദ്ധതികളെപ്പറ്റി സംവദിക്കാനും കേരളീയം വഴിയൊരുക്കും'.