യൂണിയനുകളെ താങ്ങാനാവില്ല, വാട്ടർ അതോറിട്ടി എം.ഡി സ്ഥാനമൊഴിയും
തിരുവനന്തപുരം: ഭരണ- പ്രതിപക്ഷ യൂണിയനുകളുമായുള്ള തർക്കത്തെ തുടർന്ന് വാട്ടർ അതോറിട്ടി മാനേജിംഗ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് സ്ഥാനമൊഴിയുന്നു. വാട്ടർ അതോറിട്ടിയെ ശരിയായ ദിശയിലേക്കു നയിക്കാൻ ശ്രമിച്ച ഭണ്ഡാരി എം.ഡിയായി ചുമതലയേറ്റിട്ട് ആറുമാസമേ ആയിട്ടുള്ളൂ. ഇപ്പോൾ ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഷെവനിംഗ് ഗുരുകുൽ ഫെലോഷിപ്പ് ഫോർ ലീഡർഷിപ്പ് & എക്‌സലൻസിൽ പങ്കെടുക്കുന്ന ഭണ്ഡാരി നവംബർ 24ന് മടങ്ങിയെത്തും. അതിനുശേഷം ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് കത്ത് നൽകും.
വിദേശയാത്രയ്ക്കു മുമ്പ് നടന്ന ചീഫ് എൻജിനിയർമാരുടെ യോഗത്തിൽ എം.ഡിയായി തുടരാൻ താത്പര്യമില്ലെന്ന് ഭണ്ഡാരി വ്യക്തമാക്കിയിരുന്നു. ഇങ്ങനെ പോയാൽ ജല അതോറിട്ടി മറ്റൊരു കെ.എസ്.ആർ.ടി.സി ആയി മാറുമെന്നും അവർ പറഞ്ഞു. സ്ഥാപനത്തെ നന്നാക്കനല്ല യൂണിയനുകൾ ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണം ഉന്നയിച്ച എം.ഡി, യൂണിയനുകളിൽ നിന്ന് ഒരുതരത്തിലുമുള്ള പിന്തുണയും സഹകരണവും ലഭിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. അതിനാൽ എം.ഡി സ്ഥാനത്ത് തുടരുന്നതിൽ അർത്ഥമില്ലെന്നും യോഗത്തിൽ പറഞ്ഞു.
പ്രശ്നം ജോലിചെയ്യിക്കാൻ ശ്രമിച്ചത് സ്ഥാനമേറ്റതിനുപിന്നാലെ ഭരണ - പ്രതിപക്ഷ യൂണിയനുകളുമായി എം.ഡി ഇടഞ്ഞിരുന്നു. പ്രതിദിനം റീഡിംഗ് എടുക്കേണ്ട മീറ്ററുകളുടെ എണ്ണം ഇരട്ടിയാക്കി ജൂണിൽ ഇറക്കിയ ഉത്തരവിനെ തുടർന്നായിരുന്നു ഇത്. അമിതജോലിഭാരമാണെന്ന് യൂണിയനുകൾ പരാതിപ്പെട്ടപ്പോൾ, റീഡിംഗ് എടുക്കാൻ നേരിട്ടിറങ്ങിയ ഭണ്ഡാരി മൂന്നു മണിക്കൂറിൽ 80 റീഡിംഗ് എടുത്ത് യൂണിയനുകളുടെ വാദം പൊളിച്ചത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ, യൂണിയനുകൾ മന്ത്രിതലത്തിൽ നടത്തിയ കടുത്ത സമ്മർദ്ദത്തിനൊടുവിൽ വിവാദ ഉത്തരവ് മരവിപ്പിച്ചു. മീറ്റർ റീഡിംഗിന് പുതിയ ടാർഗറ്റ് നിശ്ചയിക്കുന്നതിനായി കണക്ഷനുകൾ ജിയോടാഗ് ചെയ്യുന്ന ജോലിയും മീറ്റർ റീഡർമാർക്കുതന്നെ നൽകിയതായിരുന്നു മറ്റൊരു കാരണം. ഇതിനെതിരെയും യൂണിയനുകൾ കൈകോർത്തു.
'കാസർകോടിന്റെ സൗഭാഗ്യം"
മഹാരാഷ്ട്ര സ്വദേശിയാണ് ഭണ്ഡാരി സ്വാഗത്. 2010 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥ. കാസർകോട് കളക്ടറായിരിക്കെ 'കാസർകോടിന്റെ സൗഭാഗ്യം" എന്ന് മന്ത്രി കെ. രാജൻ വിശേഷിപ്പിച്ചിരുന്നു. യു.എസിലെ മിഷിഗൺ റോസ് സ്‌കൂൾ ഒഫ് ബിസിനസിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദവും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിൽ മാസ്റ്റർ ബിരുദവും മുംബയ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ ബിരുദവും നേടിയിട്ടുണ്ട്.