അംഗീകാരപ്പെരുമയിൽ കാക്കനട്ടെ ജയിൽ രുചി 'ഈറ്റ് റൈറ്റ് കാമ്പസ്" സർട്ടിഫിക്കറ്റ് സ്വന്തമാക്കി
കൊച്ചി: ബിരിയാണി - ചപ്പാത്തി രുചികളിലൂടെ പ്രശസ്‌തമായ കാക്കനാട് ജില്ലാ ജയിലിലെ തടവുകാരുടെ കൈപ്പുണ്യത്തിന് കേന്ദ്രസർക്കാരിന്റെ 'ഈറ്റ് റൈറ്റ് കാമ്പസ്" സർട്ടിഫിക്കറ്റ്. ഭക്ഷ്യസുരക്ഷ മികവിനുള്ള കേന്ദ്ര അംഗീകാരം സംസ്ഥാനത്ത് ആദ്യം നേടിയ ജയിലെന്ന ബഹുമതിയും കാക്കനാടിന് സ്വന്തം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിട്ടിയാണ് പുരസ്‌കാരം നൽകുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കാക്കനാട് ജയിൽ മത്സരത്തിന്റെ ഭാഗമായത്. ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഏലിയാസ് വർഗീസ് നേതൃത്വം നൽകി. കോളേജുകൾ, യൂണിവേഴ്സിറ്റികൾ, സ്ഥാപനങ്ങൾ, ജോലിസ്ഥലങ്ങൾ, ആശുപത്രികൾ, ജയിലുകൾ, തേയില തോട്ടങ്ങൾ തുടങ്ങി ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്ന ഇടങ്ങളിൽ മായമില്ലാത്ത ഭക്ഷണമെത്തിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം.
എൻറോൾമെന്റ്, സ്വയം വിലയിരുത്തൽ, പരിശീലനം, ഓഡിറ്റ്, സർട്ടിഫിക്കേഷൻ എന്നീ ഘട്ടങ്ങൾ പരിശോധിച്ച് ഭക്ഷ്യസുരക്ഷാവിഭാഗം പരിശീലനം നൽകിയിരുന്നു. തുടർന്ന് പ്രവർത്തനം വിലയിരുത്തിയാണ് അംഗീകാരം നൽകിയത്.
32 തടവുകാർ, രണ്ടു ഷിഫ്‌ട്
ബ്രാൻഡഡ് കറി മസാലകൾ, ഗുണമേന്മയുള്ള എണ്ണ, ലൈവ് ചിക്കൻ എന്നിവയാണ് പാചകത്തിനുപയോഗിക്കുന്നത്. 32 തടവുകാർ രണ്ടു ഷിഫ്‌ടുകളിലായി പുലർച്ചെ മൂന്നു മുതൽ വൈകിട്ട് അഞ്ചര വരെ പണിയെടുക്കും. ഇരുപതിനായിരം ചപ്പാത്തിയാണ് ദിവസവും ചുട്ടെടുക്കുന്നത്. 300 ചിക്കൻ ബിരിയാണി ദിവസവും വിൽക്കും. പാചകത്തോടുള്ള താത്പര്യം, വൃത്തി, ആരോഗ്യം, സ്വഭാവം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് അടുക്കളയിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്.
ലാഭം നാല് ലക്ഷം രൂപ രൂപ ഒരു മാസത്തെ വിറ്റുവരവ്: 25- 32 ലക്ഷം
പ്രതിമാസ ലാഭം: 3- 4 ലക്ഷം രൂപ
ഒരു ദിവസത്തെ ശരാശരി വിറ്റുവരവ്- ഒരു ലക്ഷം രൂപ
തടവുകാർക്കുള്ള ദിവസ വേദനം- 170 രൂപ
വിപണനത്തിന് ജയിലിൽ ഫ്രീഡം ഫുഡ്‌സ്റ്റാൾ, കൊച്ചിയിലെ അഞ്ചു വില്പനകേന്ദ്രം
'ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, കൃത്യമായ വരവുചെലവു കണക്കുകൾ തുടങ്ങി മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം ലഭിച്ചത്. ഭക്ഷണമികവിൽ സർക്കാർ സ്ഥാപനങ്ങളിൽ സംസ്ഥാനതലത്തിൽ മൂന്നും ജില്ലാതലത്തിൽ ഒന്നും സ്ഥാനത്താണ് കാക്കനാട് ജയിൽ".
- രാജു എബ്രഹാം, ജില്ലാ ജയിൽ സൂപ്രണ്ട്