കാർഷിക ശാസ്ത്ര കോൺഗ്രസ് ഇന്ന് മുതൽ

Tuesday 10 October 2023 11:49 PM IST
കാർഷിക ശാസ്ത്ര കോൺഗ്രസ്

കൊച്ചി: കേരളം ആദ്യമായി ആതി​ഥ്യം വഹിക്കുന്ന കാർഷിക ശാസ്ത്ര കോൺഗ്രസ് ഇന്ന് കൊച്ചിയിൽ ആരംഭിക്കും. രാജ്യത്തെ കാർഷിക, അനുബന്ധ മേഖലകളിലെ സുപ്രധാന പഠനങ്ങളും വികസനപ്രവർത്തനങ്ങളുമാണ് ചർച്ച ചെയ്യുന്നത്. കാർഷിക സാമ്പത്തികവിദഗ്ദ്ധർ, ശാസ്ത്രജ്ഞർ, ആസൂത്രണവിദഗ്ദ്ധർ, കർഷകർ, വ്യവസായികൾ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുക്കും.

നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസ് (നാസ്) സംഘടിപ്പിക്കുന്ന സമ്മേളനം കുണ്ടന്നൂരിലെ ലേ മെറിഡിയനിലാണ് 13 വരെ നടക്കുന്നത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സി.എം.എഫ്.ആർ.ഐ) സംഘടി​പ്പി​ക്കുന്നത്.

12ന് നടക്കുന്ന കർഷകസംഗമം സമ്മേളനത്തിന്റെ മുഖ്യആകർഷണമാണ്. പദ്മ പുരസ്‌കാര ജേതാക്കളുൾപ്പടെ കർഷകർ അനുഭവങ്ങൾ പങ്കുവയ്ക്കും. കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ശാസ്ത്രജ്ഞരുമായി ചർച്ച ചെയ്യാൻ സംവാദവും നടക്കും. കാർഷിക വ്യവസായികളും ശാസ്ത്രജ്ഞരും തമ്മിലുള്ള ആശയസംവാദവും സമ്മേളനത്തിലുണ്ട്.

1,500ലേറെ പ്രതിനിധികൾ പങ്കെടുക്കും. സർക്കാർ, സ്വകാര്യ മേഖലകളിലെ ഗവേഷണ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും കാർഷികസാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കും.

ഉദ്ഘാടകൻ കേന്ദ്രമന്ത്രി

ഇന്നുച്ചയ്ക്ക് മൂന്നിന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര കൃഷി ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ) ഡയറക്ടർ ജനറലുമായ ഡോ. ഹിമാൻഷു പഥക് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ്, ഹൈബി ഈഡൻ എം.പി., ഡോ ട്രിലോചൻ മൊഹാപത്ര, നബാർഡ് ചെയർമാൻ കെ.വി. ഷാജി എന്നിവർ വിശിഷ്ടാതിഥികളാകും.

പങ്കെടുക്കുന്ന പ്രമുഖർ

ലോകബാങ്ക് ലീഡ് ഇക്കണോമിസ്റ്റ് ഡോ മാധൂർ ഗൗതം

ഭാരത് ബയോടെക് എം.ഡി ഡോ. കൃഷ്ണ എല്ല

കാർഷികവിള കമ്മിഷൻ ചെയർമാൻ ഡോ. വിജയ് പോൾ ശർമ്മ

ഡോ. പ്രഭു പിൻഗാളി

ഡോ റിഷി ശർമ്മ,

ഡോ കടമ്പോട്ട് സിദ്ധീഖ്

വിഭാഗങ്ങൾ

അഞ്ച് പ്ലീനറി പ്രഭാഷണങ്ങൾ

മൂന്ന് പാനൽ ചർച്ചകൾ

നാല് സിമ്പോസിയങ്ങൾ

പ്രധാന വിഷയങ്ങൾ

പോഷകാഹാരക്കുറവ്

കാലാവസ്ഥാവ്യതിയാനം

ജനിതകവിളകൾ

മൃഗസംരക്ഷണം

മത്സ്യകൃഷി

ഭക്ഷ്യസംസ്‌കരണം

ഡിജിറ്റൽ കൃഷി

നിർമ്മിതബുദ്ധി അധിഷ്ടിത കാർഷികവൃത്തി