ജോലിയില്ലെന്ന് അറിയിച്ചതിന് പിന്നാലെ അതിഥി തൊഴിലാളികൾ തമ്മിൽ കൂട്ടത്തല്ല്; മൂന്ന് പേർക്ക് പരിക്ക്

Tuesday 10 October 2023 3:54 PM IST

ഇടുക്കി: ഇടുക്കി ചെമ്മണ്ണാറിൽ അതിഥി തൊഴിലാളികൾ തമ്മിൽ കൂട്ടത്തല്ല്. ജോലിയെ സംബന്ധിച്ചുള്ള തർക്കമാണ് കൂട്ടത്തല്ലിന് കാരണമായത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം.

ഏലപ്പാറയ്ക്ക് സമീപമുള്ള ടീ കമ്പനിയിലെ തൊഴിലാളികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. രാവിലെ ജോലിക്കെത്തിയപ്പോൾ ചിലർക്ക് ഇന്ന് ജോലിയില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചിരുന്നു. തുടർന്ന് തൊഴിലാളികൾ തമ്മിൽ തർക്കമുണ്ടാവുകയും കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവം സംബന്ധിച്ച് മൊഴിയെടുത്തതിന് ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ജൂണിൽ കൊച്ചിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു അതിഥി തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. ബംഗാൾ സ്വദേശി ആസാദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആസാദിന്റെ സുഹൃത്തും ബംഗാൾ സ്വദേശിയുമായ സാക്കിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മൂന്നുമാസം മുൻപ് പത്തനംതിട്ടയിലും അതിഥി തൊഴിലാളികൾ തമ്മിൽ കൂട്ടത്തല്ലുണ്ടായി. ഒരാൾക്ക് കുത്തേൽക്കുകയും ചെയ്തു. ഒരുമിച്ച് താമസിക്കുന്നവർ ചേരിതിരിഞ്ഞ് തമ്മിൽ തല്ലുകയായിരുന്നു. ബംഗാൾ സ്വദേശി ഗിത്തുവിനാണ് കുത്തേറ്റത്. അടിപിടിയിൽ നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇന്ത്യയിൽ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം അതിവേഗം ഉയർന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇന്ന് കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 40 ലക്ഷത്തിലേറെ വരുമെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിനൊപ്പം തന്നെ അതിഥി തൊഴിലാളികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളും വർദ്ധിക്കുകയാണ്. നിരവധി പീഡന, കൊലപാതക, മോഷണക്കേസുകൾ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. നിയമപരമായ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് പല തൊഴിൽദാതാക്കളും ഇതര സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നത്.

ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന കൊലക്കേസുകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നതായി സർക്കാരിന്റെ തന്നെ കണക്കുകൾ പറയുന്നു. 2016 മേയ് മുതൽ 2022 ഓഗസ്റ്റ് വരെയുള്ള ആറുവർഷത്തിൽ 159 അതിഥി തൊഴിലാളികളാണ് കൊലക്കേസുകളിൽ പ്രതികളായത്. 118 കേസുകളിലാണ് ഇത്രയും പേർ ഉൾപ്പെട്ടതെന്നും ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.