അച്ഛനും മകനും ക്ലാസിൽ;മഹാരാജാസ് സംഗീതമയം

Wednesday 11 October 2023 12:20 AM IST

കൊച്ചി: മഹാരാജാസിലെ സംഗീത പഠന ക്ളാസിന്റെ ചങ്കായി അച്ഛനും മകനും. പ്രശസ്ത നാടൻപാട്ടുകാരൻ രജീഷ് മുളവുകാടും മകൻ ആദിത്യനും. ബി.എ മ്യൂസിക് ഒന്നാം വർഷ വിദ്യാർത്ഥികൾ.

ഗിത്താറുമെടുത്ത് മുളവുകാട്ടെ വീട്ടിൽ നിന്ന് ഇരുവരും ബൈക്കിൽ എത്തുന്നതോടെ ക്ളാസ് ഉണരും. അച്ഛനും മകനും ക്ളാസിൽ ഇരിക്കുന്നതും അടുത്തടുത്തു തന്നെ. ഇടവേളകളിലും മൂന്നരയ്ക്ക് ക്ലാസ് കഴിഞ്ഞും പാട്ടും മേളവും നിറയും. നാടൻ പാട്ടുകളും ജോൺസൺ മാഷിന്റേതുൾപ്പെടെ നിത്യഹരിത ഗാനങ്ങളും. ആകെയൊരു സംഗീതലോകം. 17 പേർകൂടിയുണ്ട് ക്ളാസിൽ.

നാടൻപാട്ടിൽ കാൽനൂറ്റാണ്ടായുണ്ട് 43കാരൻ രജീഷ്. ഡ്രമ്മറാകാൻ ആഗ്രഹിക്കുന്ന ആദിത്യൻ സംഗീത പഠനത്തിന് മഹാരാജാസ് കോളേജിൽ ചേരാനൊരുങ്ങിയപ്പോഴാണ് ഒപ്പമുണ്ടെന്ന് രജീഷ് പറഞ്ഞത്. ഇരുവരും ഒരുമിച്ച് അപേക്ഷിച്ചു. പ്രവേശനവും നേടി.

സഹപാഠികളാണെങ്കിലും മകന്റെ സ്വാതന്ത്ര്യങ്ങളിൽ അച്ഛൻ ഇടപെടാറില്ല. മകന്റേതു മാത്രമായ സൗഹൃദ കൂട്ടങ്ങളിലേക്ക് കടന്നുകയറാറുമില്ല. അമ്മ വിജിയും സഹോദരൻ അർജുനും ഇരുവർക്കും കട്ട സപ്പോർട്ടാണ്.

 വേദിയിലും ഒരുമിച്ച്

പാണ്ഡവാസ് കൊച്ചി എന്ന നാടൻപാട്ട് സംഘത്തിലെ പ്രധാന ഗായകനാണ് രജീഷ്. മകനെ ഒപ്പംകൂട്ടിയാണ് പരിപാടികൾക്ക് പോകാറുള്ളത്. ഏഴാംക്ലാസ് മുതൽ ആദിത്യൻ വേദിയിൽ കയറിത്തുടങ്ങി. അച്ഛന് ഹരിഹരനും എസ്.പിയുമാണ് പ്രിയപ്പെട്ടവർ. സിത്താരയും എ.ആർ.റഹ്മാനുമാണ് ആദിത്യന്റെ ഇഷ്ടഗായകർ. ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ 2021ലെ കലാശ്രീ പുരസ്‌കാരവും സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പും ഫോക്‌ലോർ അക്കാഡമി യുവപ്രതിഭാ പുരസ്‌കാരവും രജീഷ് നേടിയിട്ടുണ്ട്. വിദേശത്തുൾപ്പെടെ 5,000നടുത്ത് വേദികളിൽ പാടി. 1600ലേറെ പരമ്പരാഗത നാടൻപാട്ടുകളെക്കുറിച്ച് ഗവേഷണവും നടത്തിയിട്ടുണ്ട്.

രണ്ടുപേരും ഒരുമിച്ചെത്തുന്നത് ഡിപ്പാർട്ടുമെന്റിന് ആകെ സന്തോഷമുള്ള കാര്യം. സജി.എസ്, എച്ച്.ഒ.ഡി മഹാരാജ് സംഗീതവിഭാഗം

ഞങ്ങൾ നല്ല സുഹൃത്തുക്കൾ. ഒരുമിച്ച് പഠിക്കും. ഒരുമിച്ചു പാടും രജീഷ്, ആദിത്യൻ