ലൈസൻസും ഹെൽത്ത് കാർഡും ഇല്ലാതെ പഴകിയ ഭക്ഷണം വിൽപനയ്‌ക്ക് വച്ചു; പരാതിക്ക് പിന്നാലെ ബേക്കറി പൂട്ടിച്ചു

Tuesday 10 October 2023 9:27 PM IST

തൃപ്പൂണിത്തുറ: പഴകിയ ഭക്ഷണങ്ങൾ വില്പനയ്ക്ക് വച്ചെന്ന പരാതിയിൽ ബേക്കറി ഫുഡ് സേഫ്‌റ്റി ഓഫീസർ താത്കാലികമായി അടച്ചുപൂട്ടി. ഉദയംപേരൂർ ജംഗ്ഷനിൽ പ്രവർത്തിച്ചുവന്ന അരീന ബേക്കറിയിൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് ലഭിച്ച പരാതിയെ തുടർന്ന് ചൊവ്വാഴ്ച പകൽ 12ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.

ലൈസൻസ്, ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധനാ റിപ്പോർട്ട്, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഇവയൊന്നും കൂടാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. പരിശോധനയ്ക്കായി ഭക്ഷണ സാമ്പിളുകൾ ശേഖരിക്കുകയും പഴകിയ ഭക്ഷ്യസാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ന്യൂനതകൾ പരിഹരിച്ച് നിലവാരം തൃപ്തികരമായശേഷം മാത്രമേ സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളൂവെന്ന് ഫുഡ് സേഫ്‌റ്റി ഓഫീസർ പറഞ്ഞു.

എഫ്.എസ്.ഒ വിമല മാത്യു, ഓഫീസ് അസി. ധന്യ, മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. സാവിത്രി, എച്ച്.ഐ റാഫി ജോസഫ്, ജെ.എച്ച്. ഇംതിയാസ്, ടി. അനീഷ് കുമാർ, പി.കെ. വിമൽ എന്നിവരടങ്ങുന്ന സംഘമാണ് ബേക്കറി പരിശോധിച്ചത്‌