കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്ത് 10ലക്ഷം തട്ടി; അഖിൽ സജീവനെതിരെ റാന്നിയിൽ കേസ്
പത്തനംതിട്ട: കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ നിയമന തട്ടിപ്പിലെ പ്രതി അഖിൽ സജീവനും കൂട്ടാളിയായ യുവമോർച്ച നേതാവ് രാജേഷിനുമെതിരെ റാന്നി പൊലീസ് കേസെടുത്തു. ആരോഗ്യവകുപ്പിന്റെ മറവിൽ നടത്തിയ തട്ടിപ്പ് പുറത്തുവന്നതോടെയാണ് അഖിലിനെതിരെ കൂടുതൽ പരാതികളുണ്ടായത്.
എം.കോം പാസായ തന്റെ മകൾക്ക് കിഫ്ബിയിൽ അക്കൗണ്ടന്റായി ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്ന് റാന്നി സ്വദേശിനി നൽകിയ പരാതിയിൽ പറയുന്നു. ഇൗ തട്ടിപ്പിനെക്കുറിച്ച് ഇക്കഴിഞ്ഞ 30ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. റാന്നി സ്വദേശിയെ അഖിൽ പരിചയപ്പെട്ടത് യുവമോർച്ച റാന്നി മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന രാജേഷ് മുഖേനയാണ്. ട്രഷറി, ബാങ്ക് അക്കൗണ്ടുകളിലൂടെ ഒൻപത് ലക്ഷവും ഒരുലക്ഷം നേരിട്ടുമാണ് അഖിൽ വാങ്ങിയത്. കിഫ്ബിയിൽ നിയമനം ലഭിച്ചെന്ന് അറിയിച്ചതിനെ തുടർന്ന് ഉത്തരവ് കൈപ്പറ്റാൻ മകളുമായി കുടുംബം തിരുവനന്തപുരത്തേക്ക് പോയ കാറിൽ പത്തനംതിട്ട നഗരത്തിൽ നിന്ന് അഖിലും കയറി.
സെക്രട്ടേറിയറ്റിന് സമീപത്തെ കിഫ്ബി ഒാഫീസിനു മുന്നിൽ കാർ നിറുത്തി. കിഫ്ബിയിലെ ഓഫീസറാണെന്ന് പരിചയപ്പെടുത്തി ദീപു എന്നയാൾ കാറിനടുത്തെത്തി. ഓഫീസിൽ പണി നടക്കുന്നതിനാൽ അകത്തേക്ക് കയറാനാവില്ലെന്ന് അറിയിച്ചു. നിയമന രജിസ്റ്റർ എന്ന പേരിൽ ഒരു ബുക്കിൽ പെൺകുട്ടിയിൽനിന്ന് ഒപ്പിട്ടു വാങ്ങി. കുറച്ചുനാൾ ഒാൺലൈനായി ജോലി ചെയ്യണമെന്ന് പറഞ്ഞ് തിരിച്ചയച്ചു. അഖിൽ അവിടെയിറങ്ങി.
പിന്നീട് ടാക്സ് സംബന്ധമായ ചില ഷീറ്റുകൾ ഒാൺലൈനായി പെൺകുട്ടിക്ക് അയച്ചുകൊടുത്തു. അതിലെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതി തിരിച്ചയയ്ക്കാൻ നിർദ്ദേശിച്ചു. ചില ചോദ്യങ്ങളിലെ സംശയം തീർക്കാൻ ടാക്സുമായി ബന്ധപ്പെട്ട വിദഗ്ദ്ധരെ സമീപിച്ചെങ്കിലും അതെന്താണെന്ന് അവർക്കും മനസ്സിലായില്ല. ദീപുവിനെ ഒാൺലൈനിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അഖിൽ സജീവനെ ബന്ധപ്പെട്ടപ്പോൾ താൻ സ്ഥലത്തില്ലെന്നും നിയമനഉത്തരവ് കിഫ്ബിയുടേത് തന്നെയാണെന്നും പറഞ്ഞു. പിന്നീടാണ് തട്ടിപ്പാണെന്ന് അറിഞ്ഞത്. പത്തനംതിട്ട പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന അഖിലിനെ അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിക്കു ശേഷം നാളെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. ഇതിനുശേഷം പത്ത് ലക്ഷത്തിന്റെ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാൻ റാന്നി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.